മോദി ഏത് ബോംബാണ് ഇടുന്നതെന്ന ഭയത്തിലാണ് ജനങ്ങളെന്ന് വിജയശാന്തി; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച നടി വിജയശാന്തി. സിനിമയിലെ ആക്ഷന്‍ ഹീറോയിന്‍ ആയിരുന്ന വിജയശാന്തി പ്രധാനമന്ത്രിയെ തീവ്രവാദിയുമായിട്ടാണ് ഉപമിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു വിജയശാന്തിയുടെ പരാമര്‍ശം. ഷംഷബാദിലെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലായിരുന്നു വിജയശാന്തി മോദിക്കെതിരെ ആഞ്ഞടിച്ചത്.

എപ്പോള്‍ മോദി ഏത് ബോംബായിരിക്കും ഇടുന്നതെന്ന ഭയത്തിലാണ് ജനങ്ങള്‍ കഴിയുന്നത്. തീവ്രവാദിയെ പോലെയാണ് അദ്ദേഹം പെരുമാറുന്നത്. സ്‌നേഹിക്കുന്നതിന് പകരം ജനങ്ങളെ ഭയപ്പെടുത്തുകയാണ് മോദി ചെയ്യുന്നത്. ഒരിക്കലും ഒരു പ്രധാനമന്ത്രിയുടെ സ്വഭാവം ഇങ്ങനെയായിരിക്കാന്‍ പാടില്ലെന്നും വിജയശാന്തി പറഞ്ഞു.

ബിജെപിയിലൂടെ രാഷ്ട്രീയത്തിലേക്ക് ചുവട് വച്ച നടി ഇപ്പോള്‍ കോണ്‍ഗ്രസിന്റെ താരപ്രചാരകയാണ്.