എന്റെ ഫോണ്‍ ചോര്‍ത്തിയിട്ട് അവര്‍ക്ക് ഒന്നും കിട്ടാനില്ല; അഴിമതിക്കാരും കള്ളന്മാരും ഭയക്കുമെന്ന് രാഹുല്‍ഗാന്ധി

പെഗാസസ് വിവാദത്തില്‍ വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്. തന്റെ ഫോണ്‍ ചോര്‍ത്തിയതായി തന്റെ സുരക്ഷാ നിരീക്ഷകര്‍ കണ്ടെത്തിയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

“എന്റെ ഫോണ്‍ അവര്‍ ചോര്‍ത്തി. എല്ലാ ഫോണുകളും ചോര്‍ത്തിയിട്ടുണ്ട്. മറ്റു പ്രമുഖരുടെ പോലെയല്ല, എന്റെ ഫോണ്‍ ചോര്‍ത്തിയിട്ട് അവര്‍ക്ക് ഒരു കാര്യവുമില്ല. പ്രത്യേകിച്ച് അതില്‍ നിന്ന് ഒന്നും കിട്ടാനുമില്ല. അതുകൊണ്ട് എനിക്ക് ഭയമില്ല. അഴിമതിക്കാരും, കള്ളന്മാരും ഭയക്കും” എന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍

തന്റെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന് കാട്ടി ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരും സുഹൃത്തുക്കളും തന്നെ സമീപിച്ചിരുന്നുവെന്ന് രാഹുല്‍ പാര്‍ലമെന്റിന് മുന്നില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇസ്രായേല്‍ സര്‍ക്കാര്‍ പെഗാസസിനെ ഒരു ആയുധമായാണ് കണക്കാക്കുന്നത്. ഭീകരര്‍ക്കെതിരെ ഉപയോഗിക്കേണ്ട ആയുധം പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഈ ഇന്ത്യക്കെതിരേയും ഇന്ത്യയിലെ സംവിധാനങ്ങള്‍ക്കെതിരേയും ഉപയോഗിച്ചിരിക്കുകയാണ്, രാഹുല്‍ ഗാന്ധി പറഞ്ഞു. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി പെഗാസസ് ഉപയോഗിച്ചുവെന്ന് രാഹുല്‍ ആരോപിക്കുന്നു.

സുപ്രീം കോടതി ജഡ്ജിയുടെ ഫോണ്‍ വരെ നിരീക്ഷിക്കപ്പെട്ടുവെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. തന്റെ ഫോണ്‍ ചോര്‍ത്തിയത് മാത്രമല്ല വിഷയമെന്നും ചോര്‍ത്തലിനെ ഭയക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറയുന്നു. അഴിമതിക്കാരനല്ലെങ്കില്‍ ഭയം വേണ്ടെന്നാണ് രാഹുലിന്റെ വിശദീകരണം. ഇത് അന്വേഷിക്കപ്പെടണമെന്നും ആഭ്യന്തര മന്ത്രി രാജിവെക്കണമെന്നും, സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ പെഗാസസ് ചോര്‍ത്തല്‍ അന്വേഷിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയനേട്ടത്തിനും പെഗാസസിനെ അവര്‍ ഉപയോഗിച്ചു. കര്‍ണാടകയില്‍ അത് കണ്ടതാണ്. രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

പെഗാസസ് സോഫ്റ്റ്‌വെയര്‍ വാങ്ങിയോ ഉപയോഗിച്ചോ എന്ന് ചോദ്യത്തിന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരം പറയണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. പെഗാസസ് വിഷയത്തില്‍ പാര്‍ലമെന്റില്‍ ഇന്നും പ്രതിഷേധം തുടരുകയാണ്. ലോകസഭയില്‍ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി.