'പാർട്ടിക്ക് വേണമെങ്കിൽ എന്നെ പുറത്താക്കാം, കോർ കമ്മിറ്റിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ല'; ബി.ജെ.പിക്ക് എതിരെ കൂരമ്പുമായി പങ്കജ മുണ്ടെ

മഹാരാഷ്ട്രയിൽ ബി.ജെ.പി.നേതൃത്വത്തോട് ഇടഞ്ഞു നിൽക്കുന്ന മുൻ മന്ത്രി പങ്കജ മുണ്ടെ പാര്‍ട്ടി വിടുന്നെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയര്‍ന്നിരുന്നു. എന്നാൽ ഈ അഭ്യൂഹങ്ങൾക്കെല്ലാം മറുപടി നൽകിയിരിക്കുകയാണ് പങ്കജ മുണ്ടെ. താനായിട്ട് പാർട്ടി വിടില്ലെന്നും ബി.ജെ.പിക്ക് വേണമെങ്കിൽ തന്നെ പുറത്താക്കാമെന്നും പങ്കജ മുണ്ടെ വ്യക്തമാക്കി. പിതാവായ ഗോപിനാഥ് മുണ്ടെയുടെ പിറന്നാൾ ദിനത്തിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അവര്‍. മഹാരാഷ്ട്ര ബി.ജെ.പി കോർ കമ്മിറ്റിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.

“തിരഞ്ഞെടുപ്പിലെ പരാജയം ഞാൻ കാര്യമാക്കുന്നില്ല. സാഹചര്യങ്ങൾ എന്ന പിൻവാങ്ങാൻ പ്രേരിപ്പിച്ചു. പക്ഷേ ഞാൻ പാർട്ടി വിട്ടുപോകുന്നില്ല. എന്നിരുന്നാലും പാർട്ടിക്ക് എന്നെ വേണ്ടെങ്കിൽ അതിൽ ബി.ജെ.പിക്ക് തീരുമാനമെടുക്കാം.”- പങ്കജ മുണ്ടെ പറഞ്ഞു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ ഉൾപ്പെടെയുള്ള നേതാക്കളെ വേദിയിലിരുത്തിയാണ് പങ്കജ മുണ്ടെയുടെ പ്രസ്താവന. എന്നാൽ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് യോഗത്തിൽ നിന്നും വിട്ടുനിന്നു.

ഞാൻ ഒരു അതിമോഹിയാണെന്ന് മുദ്രകുത്തി എന്നെ പുറത്താക്കാൻ ചിലർ പാർട്ടിക്കുമേൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. എനിക്ക് മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ടെന്ന അഭ്യൂഹവും ചിലർ പറഞ്ഞു പരത്തുന്നുണ്ട്. പക്ഷേ, ഞാൻ ഒരിക്കലും അങ്ങനെ ആഗ്രഹിച്ചിട്ടില്ല. പക്ഷേ, അതിമോഹമെന്നത് ഒരു തെറ്റായ കാര്യമാണോ? സംസ്ഥാനം ഭരിക്കാൻ ഒരു സ്ത്രീക്ക് കഴിയില്ലേ? അഞ്ച് വർഷം ഞാൻ മന്ത്രിയായി സേവനമനുഷ്ടിച്ചു. പക്ഷേ ഞാൻ ഇപ്പോൾ മന്ത്രിയല്ല. ഒരു നിയമസഭാംഗമോ കോർപ്പറേറ്റോ അല്ല. ഇന്നുമുതൽ ബി.ജെ.പി കോർ കമ്മിറ്റിയുടെ ഭാഗം പോലുമല്ല. എന്നെ അവർ വിമതയെന്ന് വിളിക്കുന്നു. അധികാരികളെ ധിക്കരിക്കുകയും കലാപം നടത്തുകയും ചെയ്തിരുന്നില്ലെങ്കിൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുമായിരുന്നുവെന്ന് നിങ്ങൾ കരുതുന്നുണ്ടോ?”- പങ്കജ മുണ്ടെ ചോദിച്ചു.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ പർളി മണ്ഡലത്തിൽ പിതൃസഹോദരനായ ധനജ്ഞയ മുണ്ടെയോട് തോറ്റതിനെ തുടർന്ന് പാർട്ടി നേതൃത്വത്തോട് ഇടഞ്ഞു നിൽക്കുകയാണ് പങ്കജ മുണ്ടെ. മകൾ രോഹിണി ഖഡ്‌സെ ജൽഗാവിലെ മുക്തായി നഗർ മണ്ഡലത്തിൽ തോറ്റതിനു പിന്നിൽ ഫഡ്‌നാവിസും കൂട്ടരുമാണെന്ന് ഏക്‌നാഥ് ഖഡ്‌സെയും ആരോപണം ഉന്നയിച്ചിട്ടുണ്ട്.