എ.ഐ.എ.ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി പളനി സ്വാമി; പ്രഖ്യാപനം നടത്തിയത് ഒ. പനീര്‍ശെല്‍വം

അടുത്ത വര്‍ഷം തമിഴ്‌നാട്ടില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എ.ഐ.എ.ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി എടപ്പാടി പളനി സ്വാമിയെ പ്രഖ്യാപിച്ചു. ഒ.പനീർ ശെൽവം ഉപമുഖ്യമന്ത്രി സ്ഥാനാർത്ഥിയാകും. സ്ഥാനാർത്ഥി നിർണയത്തിന് പതിനൊന്നംഗ സ്റ്റിയറിംഗ് കമ്മിറ്റിയെ നിയോഗിച്ചു.

മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പേ തന്നെ പതിനൊന്നംഗ സ്റ്റിയറിംഗ് കമ്മിറ്റിയെ നിയോഗിക്കണമെന്നായിരുന്നു പനീർ സെൽവത്തിന്റെ ആവശ്യം. 2017- ൽ ഇപിഎസ്- ഒപിഎസ് പക്ഷങ്ങൾ ലയിച്ചപ്പോൾ ഒപിഎസ് ക്യാമ്പ് മുന്നോട്ട് വെച്ച പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സ്റ്റിയറിംഗ് കമ്മിറ്റിയുടെ രൂപീകരണം.

പി തങ്കമണി, എസ്പി വേലുമണി, ഡി.ജയകുമാർ, ഡെപ്യൂട്ടി കോർഡിനേറ്റർമാരായി കെപി മുനുസ്വാമി, ആർ വൈതിലിംഗം എന്നിവരാണ് സ്റ്റിയറിംഗ് കമ്മിറ്റിയിലെ പ്രധാനികൾ.

മാസങ്ങളായി പാര്‍ട്ടിയില്‍ നില നിന്നിരുന്ന തര്‍ക്കങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും കൂടിയാണ് പുതിയ പ്രഖ്യാപനത്തോടെ വിരാമമാവുന്നത്. നേരത്തെ ഒ പനീര്‍സെല്‍വത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങുന്ന നിലയുള്‍പ്പെടെ ഉണ്ടായിരുന്നു. ഇത്തരത്തില്‍ കടുത്ത എതിര്‍പ്പുള്‍പ്പെടെ നിലനില്‍ക്കെയാണ് നിലവിലെ തമിഴ്‌നാട് മുഖ്യമന്ത്രിയായ എടപ്പാടി പളനിസ്വാമി തന്നെ അടുത്തി തിരഞ്ഞെടുപ്പിലും പാര്‍ട്ടിയെ നയിക്കുമെന്ന് വ്യക്തമാക്കുന്നത്. നിലവിൽ സ്റ്റിയറിംഗ് കമ്മിറ്റിയുടെ നിയന്ത്രണം ലഭിച്ചതോടെ  പനീർ സെൽവം തൃപ്തി അറിയിച്ചിട്ടുണ്ട്.

പളനിസാമിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതിനോട് പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന ബിജെപിക്കും യോജിപ്പാണ്. എഐഎഡിഎംകെ നേതൃത്വത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുണ്ട്. ബിജെപി നേതാക്കളുടെ ഇടപെടലിലാണ് പാര്‍ട്ടിക്കുള്ളില്‍ സമവായം ഉണ്ടായതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഒ പനിര്‍ശെല്‍വം, എടപ്പാടി പളനിസ്വാമി എന്നിവരുമായി ഇന്ന് രാവിലെയും ബിജെപി നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.