മസൂദ് അസറിന്റെ ബന്ധുക്കളുടെ സംസ്‌കാരത്തില്‍ പാക് സൈന്യം; ഇനി ആരും കരുണ പ്രതീക്ഷിക്കരുതെന്ന് മുംബൈയ് ഭീകരാക്രമണ കേസിലെ സൂത്രധാരന്‍ മസൂദ് അസര്‍

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ സൈന്യം നല്‍കിയ തിരിച്ചടി ഓപ്പറേഷന്‍ സിന്ദൂറില്‍ മുംബൈയ് ഭീകരാക്രമണ കേസിലെ സൂത്രധാരന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടിരുന്നു. പാക് ജയിലില്‍ കഴിയുന്നെന്ന് പാകിസ്ഥാന്‍ അവകാശപ്പെട്ടിരുന്ന മസൂദ് അസറിന്റെ കുടുംബാംഗങ്ങളുടെ സംസ്‌കാരത്തില്‍ പങ്കെടുത്ത് പാക് സൈന്യം.

മസൂദ് അസറിന്റെ സഹോദരിയും ഭര്‍ത്താവും ഉള്‍പ്പെടെ 14 പേരാണ് ഇന്ത്യയുടെ തിരിച്ചടിയില്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുന്ന പാക് സൈന്യത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സംഭവത്തിന് ശേഷം മസൂദ് അസര്‍ ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്തുമെന്ന് വെല്ലുവിളിച്ചിരുന്നു.

ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസറിന്റെ മൂത്ത സഹോദരിയും ഭര്‍ത്താവും അനന്തരവനും ഭാര്യയും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ തന്റെ കുടുംബാംഗങ്ങളും സഹായികളും കൊല്ലപ്പെട്ടതായി ജെയ്ഷെ- ഇ- മുഹമ്മദിന്റെ തലവന്‍ മസൂദ് അസര്‍ പറഞ്ഞതായി ബിബിസി ഉറുദു റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ ക്രൂരത എല്ലാ അതിരുകളും ലംഘിച്ചു. ഇനി ആരും കരുണ പ്രതീക്ഷിക്കരുതെന്നായിരുന്നു മസൂദ് അസറിന്റെ പ്രതികരണം.ബഹവല്‍പൂരിലെ ഒരു പ്രധാന കേന്ദ്രം ഉള്‍പ്പെടെ, പാകിസ്ഥാന്‍, പാക് അധിനിവേശ കശ്മീര്‍ (പിഒകെ) എന്നിവിടങ്ങളിലായി ഒമ്പത് ഭീകരവാദ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ ഓപ്പറേഷന്‍.

മസൂദ് അസര്‍ പാകിസ്ഥാനില്‍ തടവിലാണ് എന്നാണ് പാക് അധികൃതര്‍ മറ്റ് രാജ്യങ്ങളോട് എപ്പോഴും പറഞ്ഞിരുന്നത്. എന്നാല്‍ വലിയ സുരക്ഷാ പരിഗണനകളോടെ അസര്‍ പാകിസ്ഥാനില്‍ കഴിയുന്നതായി ഇന്ത്യയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലുകള്‍ ശരിവയ്ക്കുന്നതാണ് പുറത്തുവന്ന ചിത്രങ്ങള്‍.

Read more

ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട മറ്റ് ഭീകരരുടെ സംസ്‌കാരത്തിലും പാക് സൈന്യത്തിന്റെയും ഐഎസ്‌ഐയുടെയും നേരിട്ടുള്ള സാന്നിധ്യമുണ്ടായിരുന്നു. ഇന്ത്യക്കെതിരെ ആക്രമണം നടത്തുന്ന ഭീകരര്‍ക്ക് പാക് സൈന്യത്തിന്റെ പിന്തുണയുണ്ടെന്ന ഇന്ത്യയുടെ വാദം ഇതോടെ ശരിയാണെന്ന് തെളിയിക്കുന്നതാണ് ചിത്രങ്ങള്‍.