ഗുജറാത്ത് തീരത്ത് ലഹരിവേട്ട, 400 കോടിയുടെ ഹെറോയിനുമായി പാക് ബോട്ട് പിടിയില്‍

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട. ഏകദേശം 400 കോടി രൂപ വിലമതിക്കുന്ന 77 കിലോ ഹെറോയിനാണ് പിടികൂടിയത്. സംഭവത്തില്‍ ആറ് ജീവനക്കാരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പാകിസ്ഥാനില്‍ നിന്നുള്ള മത്സ്യബന്ധന ബോട്ടായ ‘അല്‍ ഹുസൈനി’ യിലാണ് ലഹരി കടത്തിയത്.

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും(ഐസിജി), ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും (എടിഎസ്) സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവ പിടികൂടിയതെന്ന് ഗുജറാത്ത് ഡിഫന്‍സ് വിഭാഗം പിആര്‍ഒ ട്വിറ്ററില്‍ അറിയിച്ചു. നേരത്തെയും ഗുജറാത്ത് തീരത്ത് വലിയ രീതിയിലുള്ള ലഹരികടത്ത് നടന്നിട്ടുണ്ട്.

സെപ്റ്റംബറില്‍ ഗുജറാത്തിലെ കച്ചിലെ മുന്ദ്ര തുറമുഖത്ത് നിന്ന് 9,000 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ അടങ്ങിയ കണ്ടെയ്നറുകള്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) പിടികൂടിയിരുന്നു. 3,000 കിലോയോളം ഹെറോയിനാണ് ടാല്‍ക്കം പൗഡറെന്ന് വ്യാേജന കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നാണ് ഇറക്കുമതി നടന്നതെന്നാണ് കണ്ടെത്തിയത്. ആന്ധ്രാപ്രദേശിലെ വിജയവാഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഷി ട്രേഡിംഗ് സ്ഥാപനമാണ് അഫ്ഗാനിസ്ഥാനില്‍ നിന്ന് മുന്ദ്ര തുറമുഖത്തേക്ക് കണ്ടെയ്നറുകള്‍ ഇറക്കുമതി ചെയ്തത്.

ഗുജറാത്തില്‍ പലയിടങ്ങളിലായി ലഹരി കൈമാറാന്‍ ശ്രമിച്ചവരെയും പിടികൂടിയിരുന്നു. നവംബറില്‍ സൗരാഷ്ട്ര മേഖലയ്ക്ക് കീഴിലുള്ള മോര്‍ബിയിലെ ഒരു ഗ്രാമത്തില്‍ നിന്നും മൂന്ന് പേരെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തിരുന്നു. 600 കോടി രൂപ വിലമതിക്കുന്ന 120 കിലോഗ്രാം ഹെറോയിനാണ് പിടികൂടിയത്. പാകിസ്ഥാനില്‍ നിന്ന് ഇവ കയറ്റുമതി ചെയ്ത് ഇന്ത്യയിലൂടെ ആഫ്രിക്കന്‍ രാജ്യത്തേക്ക് കൊണ്ടുപോകുകയായിരുന്നു.