തീവ്രവാദ പ്രവര്‍ത്തനത്തിന് പണം നല്‍കി; യാസിന്‍ മാലിക് കുറ്റക്കാരനെന്ന് എന്‍.ഐ.എ കോടതി

തീവ്രവാദ പ്രവര്‍ത്തനത്തിന് ഫണ്ട് നല്‍കിയ കേസില്‍ കശ്മീരിലെ വിഘടനവാദി നേതാവ് യാസിന്‍ മാലിക് കുറ്റക്കാരനാണെന്ന് കോടതി. ഡല്‍ഹിയിലെ എന്‍ഐഎ കോടതിയാണ് യാസിന്‍ കുറ്റക്കാരനാണെന്ന കണ്ടെത്തിയത്. ഈ മാസം 25നു ശിക്ഷ വിധിക്കും. ജമ്മു കശ്മീരില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ടിങ് നടത്തിയെന്നാണ് യാസിന്‍ മാലിക്കിനെതിരായ കേസ്.

രാജ്യസുരക്ഷാ നിയമം അടക്കം ചുമത്തി യാസിന്‍ മാലികിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. യുഎപിഎ നിയമത്തിലെ ഭീകരവാദ പ്രവര്‍ത്തനം, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ടിങ്, ഗൂഢാലോചന, ഭീകരവാദ സംഘടനകളില്‍ അംഗത്വം, ക്രിമിനല്‍ ഗൂഢാലോചന, രാജദ്രോഹം തുടങ്ങി തനിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ എതിര്‍ക്കുന്നില്ലെന്ന് യാസിന്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതി മാലിക്കിനെ കുറ്റക്കാരനായി പ്രഖ്യാപിച്ചത്.

പിഴ ചുമത്തുന്നതിനായി യാസിന്‍ മാലിക്കിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി എന്‍ഐഎയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.