'പാർട്ടിയിലെ അപചയം'; പി.സി ചാക്കോ കോണ്‍ഗ്രസ് വിട്ടു

മുതിർന്ന കോണ്‍ഗ്രസ് നേതാവും നാലുതവണ കേരളത്തിൽ നിന്നുള്ള ലോക്സഭാംഗവുമായ പി.സി ചാക്കോ പാർട്ടി വിട്ടു. രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നൽകി. രാഹുൽ ഗാന്ധിക്കും കത്ത് നൽകി. രാജിക്ക് കാരണം കേരളത്തിലെ കോൺഗ്രസിന്റെ അപചയമാണെന്ന് പി.സി ചാക്കോ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയത്തിൽ അവഗണനയുണ്ടായെന്നും വിജയസാധ്യതക്കല്ല പരിഗണനയെന്നും ഗ്രൂപ്പടിസ്ഥാനത്തിലുള്ള വീതംവെപ്പാണ് നടക്കുന്നതെന്നും അദ്ദേഹം പരാതി ഉന്നയിച്ചു. മുതിർന്ന നേതാക്കളോട് സ്ഥാനാർത്ഥി വിഷയം ചർച്ച ചെയ്യണമെന്നുള്ള ഹൈക്കമാൻഡ് നിർദ്ദേശം സംസ്ഥാന നേതാക്കൾ പരിഗണിച്ചില്ലെന്നും ചാക്കോ പറഞ്ഞു. മുതിർന്ന നേതാക്കളെ ചാക്കോ തന്റെ അതൃപ്തി അറിയിച്ചിട്ടുണ്ട്. നിലവിൽ പി.സി ചാക്കോയുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡ് നിലപാടൊന്നും സ്വീകരിച്ചിട്ടില്ല.

1970 മുതൽ 1973 വരെ യൂത്ത് കോൺഗ്രസിൻ്റെ സംസ്ഥാന പ്രസിഡൻറായും 1973-1975 കാലഘട്ടത്തിൽ സംഘടനയുടെ ദേശീയ ജനറൽ സെക്രട്ടറിയായും 1975 മുതൽ 1979 വരെ കെ.പി.സി.സിയുടെ ജനറൽ സെക്രട്ടറിയായും പി.സി ചാക്കോ പ്രവർത്തിച്ചു. 1978-ൽ കേരളത്തിൽ കോൺഗ്രസ് പാർട്ടി പിളർന്നപ്പോൾ ആൻറണി വിഭാഗത്തിനൊപ്പം ചേർന്ന ചാക്കോ 1980-ൽ പിറവം മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1980-1981 ലെ ഇ.കെ. നായനാർ മന്ത്രിസഭയിലെ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു.

Read more

1991-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് ആദ്യമായി ലോക്സഭാംഗമായി പി.സി ചാക്കോ തിരഞ്ഞെടുക്കപ്പെട്ടു. 1996-ൽ മുകുന്ദപുരത്ത് നിന്നും 1998-ൽ ഇടുക്കിയിൽ നിന്നും 2009-ൽ തൃശൂരിൽ നിന്ന് തന്നെ വീണ്ടും ലോക്സഭയിൽ അംഗമായി. 1999-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് നിന്ന് സി.പി.എമ്മിൻ്റെ കെ.സുരേഷ് കുറുപ്പിനോടും 2014-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ നിന്ന് ഇടത് സ്വതന്ത്രനായി മത്സരിച്ച സിനിമനടൻ ഇന്നസെൻ്റിനോടും പരാജയപ്പെട്ടു.