'അവരോടല്ല, സംവാദം എന്നോട് ആയിക്കൂടേ'; അമിത് ഷായോട് ഒവൈസി

പൗരത്വ ഭേദഗതി നിയമത്തില്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ സംവാദത്തിന് വെല്ലുവിളിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മറുപടിയുമായി അസദുദ്ദീന്‍ ഒവൈസി. മമത ബാനര്‍ജി, അഖിലേഷ് യാദവ് തുടങ്ങിയ നേതാക്കളെ അമിത് ഷാ വെല്ലുവിളിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഹൈദരാബാദിലെ എഐഎംഐഎം എംപി അസദുദ്ദീന്‍ ഒവൈസി. അവരോടല്ല തന്നോട് സംവദിക്കാനാണ് അമിത് ഷായോട് ഒവൈസി ആവശ്യപ്പെട്ടത്. കരിംനഗറില്‍ നടന്ന പൊതുയോഗത്തിലായിരുന്നു ഉവൈസി ഇങ്ങനെ പറഞ്ഞത്.

“താങ്കള്‍ എന്നോട് സംവദിക്കൂ. ഞാനിവിടെയുണ്ട്. എന്തിനോടവരോട് സംവദിക്കണം?. സംവാദം നടക്കേണ്ടത് ഒരു താടിവെച്ച മനുഷ്യനോടാണ്. പൗരത്വ നിയമം, എന്‍.ആര്‍.സി, എന്‍.പി.ആര്‍ ഇവയില്‍ സംവദിക്കാന്‍ ഞാന്‍ തയ്യാറാണ്” എന്നായിരുന്നു ഉവൈസിയുടെ പ്രതികരണം.

ലഖ്നൗവില്‍ നടന്ന ബി.ജെ.പി പൊതുയോഗത്തിലായിരുന്നു പ്രതിപക്ഷ നേതാക്കളെ സംവാദത്തിന് അമിത്ഷാ വെല്ലുവിളിച്ചത്. പൗരത്വ നിയമത്തെ കുറിച്ച് പ്രതിപക്ഷ നേതാക്കള്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും അമിത്ഷാ പറഞ്ഞിരുന്നു.