ബുലന്ദ്ശഹര്‍ കലാപത്തില്‍ ജാമ്യത്തിലില്‍ ഇറങ്ങിയ പ്രതികള്‍ക്ക് ജയ് ശ്രീറാം വിളിയുമായി സ്വീകരണം

ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ കലാപത്തിലെ മുഖ്യപ്രതികള്‍ ജാമ്യത്തിലിറങ്ങിയപ്പോള്‍ വന്‍ സ്വീകരണം. ജയ് ശ്രീറാം വിളികളും ഭാരത് മാതാ കീ ജയ് വിളികളും സ്വീകരണത്തില്‍ മുഴങ്ങി. സംഘ്പരിവാര്‍ സംഘടനകളാണ് ഇവരെ മാലയിട്ട്, ജയ് ശ്രീറാം വിളികളോടെ സ്വീകരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട ബുലന്ദ്ശഹര്‍ കലാപത്തിന് നേതൃത്വം നല്‍കിയബിജെപി പ്രാദേശിക യുവനേതാവ് ശിഖര്‍ അഗര്‍വാള്‍, ഹേമു, ഉപേന്ദ്ര രാഘവ് എന്നിവരടക്കം ആറുപേര്‍ക്കാണ് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ ഡിസംബറിലാണ് ബുലന്ദ്ശഹറിലെ വനമേഖലയില്‍ പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കലാപമുണ്ടായത്. കലാപത്തിനെതിരെ ശക്തമായ നടപടിയെടുത്ത ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിംഗ് കൊല്ലപ്പെട്ടു. തട്ടിക്കൊണ്ടുപോയ കാറില്‍ കൊല്ലപ്പെട്ട നിലയിലാണ് ഇന്‍സ്‌പെക്ടറുടെ മൃതദേഹം കണ്ടെത്തിയത്. മുഹമ്മദ് അഖ്!ലാഖിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം നടത്തി പ്രതികളെ പിടികൂടിയ ഉദ്യോഗസ്ഥനായിരുന്നു സുബോധ് കുമാര്‍ സിംഗ്.

ക്രൂരമായ രീതിയിലാണ് ആക്രമികള്‍ ഇന്‍സ്‌പെക്ടറെ കൊലപ്പെടുത്തിയത്. കോടാലി ഉപയോഗിച്ച് രണ്ട് വിരലുകള്‍ വെട്ടിയെടുക്കുകയും തലയില്‍ മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. മാരകമായി പരിക്കേറ്റിട്ടും കാറോടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ഇന്‍സ്‌പെക്ടറെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കലാപകാരികള്‍ ഇന്‍സ്‌പെക്ടറെ ലക്ഷ്യം വെച്ചാണ് ആക്രമണമഴിച്ചു വിട്ടതെന്ന് പ്രചരിച്ച വീഡിയോയില്‍ വ്യക്തമായിരുന്നു.

കലാപത്തിന് നേതൃത്വം നല്‍കിയതിനാണ് ബിജെപി നേതാവ് അടക്കമുള്ള 38 പേര്‍ക്കെതിരെ കേസെടുത്തത്.