പൊലീസ് ഉദ്യോഗസ്ഥരുടെ അവധികൾ റദ്ദാക്കി, സുരക്ഷാ സേനാംഗങ്ങൾക്ക് വെടിവെയ്ക്കാൻ അധികാരം; രാജസ്ഥാനും പഞ്ചാബും അതീവ ജാഗ്രതയിൽ

പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് വീണ്ടും ആക്രമണം പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ അതിർത്തി സംസ്ഥാനങ്ങളായ രാജസ്ഥാനിലും പഞ്ചാബിലും അതീവ ജാഗ്രത. സംഘർഷം ഉണ്ടാകുമെന്ന് പ്രാദേശിക അധികാരികൾ മുന്നറിയിപ്പ് നൽകുന്നതിനാൽ എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും അവധികൾ റദ്ദാക്കുകയും പൊതുസമ്മേളനങ്ങൾ നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്.

പാകിസ്ഥാനുമായി 1,037 കിലോമീറ്റർ അതിർത്തി പങ്കിടുന്ന രാജസ്ഥാൻ അതീവ ജാഗ്രതയിലാണ്. അതിർത്തി പൂർണ്ണമായും അടച്ചുപൂട്ടുകയും, സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനം കണ്ടാൽ അതിർത്തി സുരക്ഷാ സേനാംഗങ്ങൾക്ക് വെടിവയ്ക്കാനുള്ള ഉത്തരവ് നൽകുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ വ്യോമസേന അതീവ ജാഗ്രതയിലാണ്.

Read more

പടിഞ്ഞാറൻ മേഖലയിൽ യുദ്ധവിമാനങ്ങൾ ആകാശത്ത് പട്രോളിംഗ് നടത്തുന്നതിനാൽ ജോധ്പൂർ, കിഷൻഗഡ്, ബിക്കാനീർ വിമാനത്താവളങ്ങളിൽ നിന്നുള്ള വിമാനങ്ങൾ മെയ് 9 വരെ നിർത്തിവച്ചിരിക്കുന്നു. മിസൈൽ പ്രതിരോധ സംവിധാനങ്ങൾ സജീവമാക്കിയിട്ടുണ്ടെന്ന് അറിയുന്നു.