രാജ്യത്ത് എണ്ണക്കമ്പനികള്‍ വന്‍ ലാഭത്തില്‍; വിലയില്‍ മാറ്റമില്ലാതെ മുന്നോട്ട്; ജനങ്ങള്‍ക്ക് ആശ്വസിക്കാന്‍ വകയില്ല

കഴിഞ്ഞ സാമ്പത്തിക വര്‍ഷം നഷ്ടം നേരിട്ട പൊതുമേഖലാ എണ്ണ കമ്പനികള്‍ ലാഭത്തിലായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നഷ്ടം നേരിട്ട സ്ഥാനത്താണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഉള്‍പ്പെടെയുള്ള എണ്ണ കമ്പനികള്‍ ലാഭത്തിലെത്തിയത്. 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ പൊതുമേഖലാ എണ്ണ കമ്പനികളുടെ ആകെ ലാഭം 27,295 കോടി രൂപയാണ്.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് തുടങ്ങിയ കമ്പനികളാണ് ലാഭം നേടിയത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 12,967 കോടി രൂപയുടെ അറ്റാദായം കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഈ സമയം 272 കോടി രൂപയായിരുന്നു അറ്റാദായം.

സെപ്റ്റംബര്‍ 30ന് അവസാനിച്ച പാദത്തില്‍ ഭാരത് പെട്രോളിയവും ഹിന്ദുസ്ഥാന്‍ പെട്രോളിയവും യഥാക്രമം 8,501 കോടി രൂപയും 5,827 കോടി രൂപയും അറ്റാദായം കൈവരിച്ചു. അതേ സമയം സൗദി അറേബ്യയും റഷ്യയും ഉത്പാദനം കുറച്ചതിനാല്‍ ജൂലൈ മുതല്‍ ക്രൂഡ് ഓയില്‍ വില വര്‍ദ്ധിച്ചിരുന്നു. നിലവില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 85 ഡോളറിനടുത്താണ്. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരാന്‍ സാധ്യതയുണ്ട്.