പൗരത്വ രജിസ്റ്റര്‍ ദേശീയതലത്തില്‍ നടപ്പാക്കാന്‍ ഉറച്ച് കേന്ദ്രം; രാജ്യത്തെ പൗരന്മാരുടെ ഒരു രജിസ്റ്റര്‍ ഉണ്ടാക്കുമെന്ന് അമിത് ഷാ

അസമിന് പിന്നാലെ ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യം മുഴുവന്‍ നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. റാഞ്ചിയില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച സ്വകാര്യ ചടങ്ങിലാണ് ബി.ജെ.പി ദേശീയ പ്രസിഡന്റ് കൂടിയായ അമിത് ഷായുടെ പ്രഖ്യാപനം.

“ഞങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുകയും പൗരന്മാരുടെ ദേശീയ രജിസ്റ്റര്‍ ഉണ്ടാക്കുകയും ചെയ്യും. ഒരു ഇന്ത്യക്കാരന് യുഎസ്, യുകെ, റഷ്യ എന്നിവിടങ്ങളില്‍ പോയി നിയമവിരുദ്ധമായി താമസിക്കാന്‍ കഴിയുമോ? ഇല്ല, പിന്നെ എന്തുകൊണ്ട് നിയമപരമായ രേഖകളില്ലാതെ മറ്റ് പൗരന്മാര്‍ക്ക് ഇന്ത്യയില്‍ താമസിക്കാന്‍ കഴിയുന്നത് ?. അതുകൊണ്ട് ദേശീയ പൗരന്മാരുടെ രജിസ്റ്റര്‍ (എന്‍.ആര്‍.സി) രാജ്യമെമ്പാടും നടപ്പാക്കണമെന്ന് ഞാന്‍ വിശ്വസിക്കുന്നു” അമിത് ഷാ പറഞ്ഞു.

അസമില്‍ ദേശീയ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചതോടെ 19 ലക്ഷത്തിലേറെ പേരാണ് പൗരന്മാരല്ലാതായത്.