ഭരണഘടനയില്‍ മാറ്റംവരുത്താന്‍ അനുവദിക്കില്ല; 42 രാജ്യങ്ങള്‍ സന്ദര്‍ശിച്ച മോദി ഇതുവരെ മണിപ്പൂരില്‍ പോയിട്ടില്ലെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മണിപ്പൂര്‍ വിഷയത്തിലാണ് ഖാര്‍ഗെ പ്രധാനമന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി 42 രാജ്യങ്ങള്‍ സന്ദര്‍ശിച്ചെന്നും എന്നാല്‍ മണിപ്പൂരില്‍ പോയിട്ടില്ലെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

ഭരണഘടനയില്‍ മാറ്റംവരുത്താന്‍ ബിജെപിയെയും ആര്‍എസ്എസിനെയും ഇന്ത്യയിലെ ജനങ്ങള്‍ അനുവദിക്കില്ലെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വ്യത്യാസത്തെ ചൂണ്ടിക്കാണിക്കാന്‍-കോണ്‍ഗ്രസിലുള്ളവര്‍ പ്രവര്‍ത്തിക്കുമെന്നും ബിജെപിയിലെ ആളുകള്‍ക്ക് സംസാരം മാത്രമേയുള്ളൂവെന്നും ഖാര്‍ഗെ ആരോപിച്ചു.

Read more

കര്‍ണാടകയിലെ മൈസൂരുവില്‍ ശനിയാഴ്ച നടന്ന പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഖാര്‍ഗെ. മണിപ്പൂരിലെ സംഘര്‍ഷാവസ്ഥ ആരംഭിച്ചിട്ട് രണ്ട് വര്‍ഷത്തിലേറെയായി. കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തെ കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ച് പലകുറി പ്രതിപക്ഷം വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.