നിതീഷ് രാഷ്ട്രീയ ഓന്ത്; നിറം മാറുന്നത് പോലെ മുന്നണിമാറ്റം; പ്രധാനമന്ത്രിപദ മോഹം പൊലിഞ്ഞപ്പോള്‍ പൂഴിക്കടകന്‍; ആയാറാം ഗയാറാം കുമാര്‍

ഒരു ദശാബ്ദത്തിനിടെ ഇതു നാലാം തവണയാണ് നിതീഷ് മുന്നണി മാറുന്നത്. ബിഹാറിന്റെ ചരിത്രത്തില്‍ തുടര്‍ച്ചയായ ഒന്‍പതാംവട്ടമാണ് അദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. പൊതുതെരഞ്ഞെടുപ്പ് പിടിവാതില്‍ക്കല്‍ എത്തിനില്‍ക്കേയാണ് ഓന്ത് നിറം മാറുന്നത് പോലെ നിതീഷ് വീണ്ടും മുന്നണിമാറി മുഖ്യമന്ത്രിയാകുന്നത്. രണ്ടുവര്‍ഷം മുമ്പ് ബന്ധമുപേക്ഷിച്ച ബിജെപിയുമായി വീണ്ടും അദേഹം സര്‍ക്കാര്‍ ഉണ്ടാക്കുമ്പോള്‍ ഇരുപക്ഷത്തുനിന്നും എതിര്‍പ്പ് ഉയരുന്നുണ്ട്.

2013 മുതല്‍ ബിജെപിക്കും കോണ്‍ഗ്രസിനും ആര്‍ജെഡിക്കുമിടയില്‍ ചാഞ്ചാടിക്കളിക്കുന്നതാണ് നിതീഷിന്റെ രാഷ്ട്രീയം. 1994ല്‍ സമതാ പാര്‍ട്ടി രൂപീകരിച്ച് ലാലു പ്രസാദ് യാദവുമായി ഉടക്കിപ്പിരിയുന്നതോടെയാണ് നിതീഷ് കുമാറിന്റെ രാഷ്ട്രീയം ആരംഭിക്കുന്നത്. 1996-ല്‍ ബിജെപിയുമായി കൂട്ടുകൂടി നിതീഷ് വാജ്‌പേയ് സര്‍ക്കാരില്‍ മന്ത്രിയായി. സമത പാര്‍ട്ടി എന്‍ഡിഎയ്ക്കൊപ്പം നിലകൊണ്ട 2000ത്തിലാണ് നിതീഷ് കുമാര്‍ ആദ്യമായി ബിഹാര്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്.

2003ല്‍ ശരദ് യാദവിന്റെ ജനതാദളുമായി സമതാ പാര്‍ട്ടി ലയിച്ചു ജനതാദള്‍ യുണൈറ്റഡ് ഉണ്ടാക്കി. എന്‍ഡിഎയ്‌ക്കൊ പ്പം നിലയുറപ്പിച്ച നിതീഷ് കുമാര്‍ അതേവര്‍ഷം തന്നെ മുഖ്യമന്ത്രി കസേരയിലെത്തി. 2010ലും എന്‍ഡിഎയ്‌ക്കൊപ്പം നിന്ന് മുഖ്യമന്ത്രിയായി. 2013ലാണ് നിതീഷിന്റെ അടുത്ത മറുകണ്ടം ചാട്ടം. നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ബിജെപി നീക്കത്തില്‍ പ്രതിഷേധിച്ച് എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചു. വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ മുഖ്യമന്ത്രിയായി തുടര്‍ന്നെങ്കിലും 2014 ലോക്‌സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. 2015ല്‍ ആര്‍ജെഡിയുമായി ചേര്‍ന്ന് മഹാസഖ്യമുണ്ടാക്കി, നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി.

2017ല്‍ ആര്‍ജെഡിയെ ഒറ്റയ്ക്കാക്കി നിതീഷ് വീണ്ടും എന്‍ഡിഎയിലേക്ക് ചാടി.2020ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 75 സീറ്റുമായി ആര്‍ജെഡി വീണ്ടും ഏറ്റവും വലിയ ഒറ്റകക്ഷിയായി. നിതീഷിനെ ഞെട്ടിച്ച് 74 സീറ്റ് നേടി ബിജെപി രണ്ടാമത്തെ ഏറ്റവും വലിയ പാര്‍ട്ടിയായി. 43 സീറ്റ് ആയിരുന്നു ജെഡിയുവിന്റെ സംഭാവന. എന്നിട്ടും നിതീഷ് കുമാറിനെ ബിജെപി മുഖ്യമന്ത്രിയാക്കി. ഇതിനിടെ

ജെഡിയു എംഎല്‍എമാരെ ബിജെപി ചാക്കിലാക്കാന്‍ ശ്രമിക്കുന്നതായി നിതീഷ് ആരോപിച്ചു. തുടര്‍ന്ന് 2022 ഓഗസ്റ്റ് 9ന് ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് നിതീഷ് കുമാര്‍ വീണ്ടും ആര്‍ജെഡിയുമായി സഖ്യമുണ്ടാക്കി. ഈ സംഖ്യമാണ് ഇപ്പോള്‍ ഉപേക്ഷിച്ച് ബിജെപിയുമായി കൂട്ടുചേരുന്നത്.

പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയുടെ നേതാവെന്ന നിലയില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വം നിതീഷ് സ്വപ്നം കണ്ടിരുന്നു. അത് നടക്കില്ലെന്ന് ഉറപ്പായതോടെയാണ് നിലവില്‍ ഉള്ള മുഖ്യമന്ത്രി പദമെങ്കിലും ഉറപ്പിക്കാന്‍ അദേഹം മറുകണ്ടം ചാടിയത്.

കഴിഞ്ഞ 13-നു ചേര്‍ന്ന ഇന്ത്യ മുന്നണി നേതൃയോഗത്തില്‍ കണ്‍വീനര്‍ സ്ഥാനത്തേക്കു നിതീഷിന്റെ പേര് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നിര്‍ദേശിക്കുകയും ലാലുപ്രസാദ് യാദവും ശരദ്പവാറും ഉള്‍പ്പെടെ മിക്ക നേതാക്കളും അനുകൂലിച്ചിരുന്നു. എന്നാല്‍, നിതീഷിനെ അംഗീകരിക്കാത്ത പശ്ചിമബംഗാള്‍ മുഖ്യമ്രന്തിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി ആ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

മമതയുമായി ചര്‍ച്ചചെയ്ത് യോജിപ്പിലെത്തിയശേഷം കണ്‍വീനറെ പ്രഖ്യാപിച്ചാല്‍ മതിയെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ നിലപാട്. ഇതോടെയാണ് നിതീഷ് ഇടഞ്ഞത്. 243 അംഗങ്ങളുള്ള ബിഹാര്‍ അസംബ്ലിയില്‍ 79 എംഎല്‍എമാരുള്ള ആര്‍ജെഡിയാണ് ഏറ്റവും വലിയ കക്ഷി. ബിജെപി 78, ജെഡിയു 45, കോണ്‍ഗ്രസ് 19, സിപിഐ (എം.എല്‍) 12, ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച (സെക്കുലര്‍) 4, സിപിഐ 2, സിപിഎം 2, എഐഎംഐ.എം ഒന്ന് എന്നിങ്ങനെയാണ് സീറ്റുനില. ഭരിക്കാന്‍ 122 സീറ്റ് വേണം. ബിജെപിയും ജെഡിയുവും ചേര്‍ന്നാല്‍ സീറ്റുകളുടെ എണ്ണം 123 ആകും. ജെഡിയു പിന്‍മാറിയതോടെ മഹാഘഡ്ബന്ധന്‍ മുന്നണിയിലെ സീറ്റ് നീല 114 ആയി ചുരുങ്ങിയിട്ടുണ്ട്.