ബിഹാറിൽ എല്ലാവർക്കും സൗജന്യ കോവിഡ് വാക്സിൻ; നിർദ്ദേശം അംഗീകരിച്ച്‌ നിതീഷ് കുമാർ സർക്കാർ

ബിഹാറിൽ എല്ലാ ജനങ്ങൾക്കും സൗജന്യമായി കൊറോണ വൈറസ് വാക്സിൻ നൽകാനുള്ള നിർദ്ദേശത്തിന് അംഗീകാരം നൽകി നിതീഷ് കുമാർ സർക്കാർ. ഭരണകക്ഷിയായ ജനതാദൾ യുണൈറ്റഡും സഖ്യകക്ഷിയായ ബിജെപിയും നൽകിയ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു സൗജന്യ കോവിഡ് വാക്സിൻ. ഈ വാഗ്‌ദാനം നിറവേറ്റുന്നതിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണ് ബിഹാറിലെ നിതീഷ് കുമാർ സർക്കാർ ചൊവ്വാഴ്ച എടുത്തിരിക്കുന്നത്. മന്ത്രിസഭയുടെ ആദ്യ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ മാസമാണ് മന്ത്രിസഭ രൂപീകരിച്ചത്.

20 ലക്ഷം സ്വകാര്യ, സർക്കാർ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള നിർദേശവും മന്ത്രിസഭ അംഗീകരിച്ചു. അധികാരത്തിൽ വന്നാൽ സർക്കാർ മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ട്ടിക്കുമെന്ന പ്രതിപക്ഷ നേതാവ് തേജശ്വി യാദവിന്റെ വാഗ്ദാനത്തെ എതിർക്കാൻ എൻ.ഡി.എ നല്കിയ വാഗ്ദാനമായിരുന്നു ഇത്. എന്നിരുന്നാലും, വാഗ്ദാനം ചെയ്ത തൊഴിലവസരങ്ങൾ എങ്ങനെ സൃഷ്ടിക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടില്ല.

സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട നിരവധി നിർദേശങ്ങളും സർക്കാർ അംഗീകരിച്ചു. അവിവാഹിതരായ ബിരുദധാരികളായ സ്ത്രീകൾക്ക് 50,000 രൂപ നിശ്ചിത ഗ്രാന്റ് നൽകും; സ്കൂൾ പഠനം മാത്രം പൂർത്തിയാക്കിയവർക്ക് 25,000 രൂപ ലഭിക്കും. സംരംഭകരാകാൻ സ്ത്രീകൾക്ക് 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകുന്ന ഒരു പദ്ധതിയും ആരംഭിക്കും.