കാലുമാറ്റത്തിന് പിന്നാലെ അതിവേഗത്തില്‍ സര്‍ക്കാരുമായി നിതീഷ്; ജെഡിയുവും ബിജെപി മന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും; വൈകിട്ട് സത്യപ്രതിജ്ഞ

കാലുമാറ്റത്തിന് പിന്നാലെ നിതീഷ് കുമാറിന്റെ ജെഡിയുവും ബിജെപിയും ചേര്‍ന്ന് ബിഹാറില്‍ പുതിയ മന്ത്രിസഭ ഇന്ന് രൂപീകരിക്കും. വെകീട്ട് അഞ്ചിന് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയുണ്ടാകും. ഗവര്‍ണര്‍ രാജേന്ദ്ര അരലേക്കറിന്റെ വസതിയിലെത്തിയാണ് ഇന്ന് അദേഹം രാജിക്കത്ത് കൈമാറിയത്.

ബിജെ.പി എംഎല്‍.എമാര്‍ ഇതിനകം തന്നെ നിതീഷിനെ പിന്തുണക്കുന്നതായി കാണിച്ചുള്ള കത്ത് കൈമാറിയിട്ടുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സീറ്റ് പങ്കുവെക്കുന്നതിനെ കുറിച്ചും ഇരുകക്ഷികളും ധാരണയിലെത്തിയിട്ടുണ്ട്. ഇന്ന് വൈകീട്ട് നടക്കുന്ന സത്യപ്രതിജ്ഞയില്‍ ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദ പങ്കെടുക്കും.

എന്നാല്‍, ജെഡിയു മുന്‍ ദേശീയ അധ്യക്ഷന്‍ ലല്ലന്‍ സിംഗിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം എന്‍ഡിഎയില്‍ ചേരുന്നതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം ജെഡിയു പിളരുകയാണെങ്കില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ഒപ്പം നിര്‍ത്താന്‍ ബിജെപി ശ്രമം ആരംഭിച്ചിട്ടുണ്ട്. പല കോണ്‍ഗ്രസ് എംഎല്‍എമാരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ആണ് എന്നാണ് പുറത്ത് വരുന്ന വിവരം. നിലവിലെ രാഷ്ട്രീയ സാഹചര്യം ആര്‍ജെഡി നേതൃയോഗം ചര്‍ച്ച ചെയ്തു.

എന്‍ഡിഎ പ്രവേശനത്തെ എതിര്‍ക്കുന്ന ലല്ലന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ച നേതാവ് ജിതിന്‍ റാം മഞ്ജിയേയും കൂടെ നിര്‍ത്തി ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ് ആര്‍ജെഡി നേതൃത്വം.

243 അംഗങ്ങളുള്ള ബിഹാര്‍ അസംബ്ലിയില്‍ 79 എംഎല്‍എമാരുള്ള ആര്‍ജെഡിയാണ് ഏറ്റവും വലിയ കക്ഷി. ബിജെപി 78, ജെഡിയു 45, കോണ്‍ഗ്രസ് 19, സിപിഐ (എം.എല്‍) 12, ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച (സെക്കുലര്‍) 4, സിപിഐ 2, സിപിഎം 2, എഐഎംഐ.എം ഒന്ന് എന്നിങ്ങനെയാണ് സീറ്റുനില. ഭരിക്കാന്‍ 122 സീറ്റ് വേണം. ബിജെപിയും ജെഡിയുവും ചേര്‍ന്നാല്‍ സീറ്റുകളുടെ എണ്ണം 123 ആകും. ജെഡിയു പിന്‍മാറിയതോടെ മഹാഘഡ്ബന്ധന്‍ മുന്നണിയിലെ സീറ്റ് നീല 114 ആയി ചുരുങ്ങിയിട്ടുണ്ട്. ഒരു ദശാബ്ദത്തിനിടെ നാലാം തവണയാണ് നിതീഷ് മുന്നണി മാറുന്നത്. ഒരു ദശാബ്ദത്തിനിടെ നാലാം തവണയാണ് നിതീഷ് മുന്നണി മാറുന്നത്.