കമ്പനി ഡയറക്ടറെ കൊല്ലുമെന്ന് നീരവ് മോദി ഭീഷണിപ്പെടുത്തി: സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു

13,500 കോടി രൂപയുടെ പഞ്ചാബ് നാഷണൽ ബാങ്ക് (പി‌എൻ‌ബി) തട്ടിപ്പ് കേസിൽ സിബിഐ (സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) കുറ്റപത്രം സമർപ്പിച്ചു. പ്രധാന പ്രതിയായ നീരവ് മോദിക്കെതിരെ ക്രിമിനൽ ഭീഷണിപ്പെടുത്തൽ കുറ്റം ചുമത്തി. നീരവ് മോദി തന്റെ ഒരു കമ്പനിയുടെ ഡയറക്ടറെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുള്ളതായി കുറ്റപത്രത്തിൽ പറയുന്നു.

കെയ്‌റോയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ചാൽ ഡയറക്ടർമാരിലൊരാളായ ആശിഷ് മോഹൻഭായ് ലാഡിനെ കൊല്ലുമെന്ന് നീരവ് മോദി ഭീഷണിപ്പെടുത്തിയെന്ന് അന്വേഷണ ഏജൻസി മഹാരാഷ്ട്രയിലെ പ്രത്യേക കോടതിയെ അറിയിച്ചു.

അറസ്റ്റ് ഒഴിവാക്കാൻ ആശിഷ് മോഹൻഭായ് ലാഡ് ദുബായിൽ നിന്ന് കെയ്‌റോയിലേക്ക് പലായനം ചെയ്തതായി സിബിഐ അറിയിച്ചു. പിന്നീട് 2018 ജൂണിൽ കെയ്‌റോയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ പദ്ധതിയിട്ടപ്പോൾ നീരവ് മോദിയെ പ്രതിനിധീകരിച്ച് നെഹാൽ മോദി ബന്ധപ്പെടുകയും ആശിഷിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

നീരവ് മോദി ആശിഷ് മോഹൻഭായ് ലാഡിനെ ഭീഷണിപ്പെടുത്തിയതിന് ശേഷം നീരവ് മോദിയെ സഹായിക്കാൻ യൂറോപ്പ് സന്ദർശിച്ച്‌ അഭിഭാഷകനും യൂറോപ്യൻ കോടതിയിലെ ജഡ്ജിക്കും മുന്നിൽ നീരവ് മോദിക്ക് അനുകൂലമായ മൊഴി നൽകാൻ നേഹൽ മോദി ആശിഷ് ലാഡിന് 20 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തുവെന്നും ഇത് ലാഡ് നിരസിച്ചു എന്നും അന്വേഷണത്തിൽ വ്യക്തമായി, ” സിബിഐ കുറ്റപത്രത്തിൽ പറഞ്ഞു.

പണം തട്ടിപ്പ് കേസിൽ പ്രോസിക്യൂഷൻ ഒഴിവാക്കിയതിന് നീരവ് മോദിയെ ഈ മാസം ആദ്യം സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു. നീരവ് മോദിയെ ഇപ്പോൾ തെക്ക്-പടിഞ്ഞാറൻ ലണ്ടനിലെ വാണ്ട്സ്‌വർത്ത് ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്. അമ്മാവൻ മെഹുൽ ചോക്‌സിക്കൊപ്പം ചേർന്ന് ബാങ്കിന് 13,570 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതിൽ പങ്കുണ്ടെന്നാരോപിച്ചാണ് അറസ്റ്റ്.

കേസുമായി ബന്ധപ്പെട്ട് നീരവ് മോദിയെ (48) ഈ വർഷം മാർച്ചിൽ സ്കോട്ട്ലൻഡ് യാർഡ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യൻ അന്വേഷണ ഏജൻസികളിൽ നിന്നും കോടതികളിൽ നിന്നും ആവർത്തിച്ച് സമൻസ് അയച്ചിട്ടും അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയിട്ടില്ല. സാമ്പത്തിക കുറ്റകൃത്യങ്ങൾ ചെയ്തുവെന്ന തെറ്റിന് രാജ്യത്തിന്റെ നിയമത്തെ അഭിമുഖീകരിക്കാൻ നീരവ് മോദിയെ വിട്ടുകിട്ടാൻ ഇന്ത്യ ശ്രമിക്കുന്നുണ്ട്.