ഭീകരര്‍ പ്രദേശം വിട്ടുപോയിട്ടില്ല, ഭക്ഷണവും അവശ്യസാധനങ്ങളും കരുതിയിട്ടുണ്ട്; ആശയ വിനിമയത്തിന് അത്യാധുനിക ചൈനീസ് ഉപകരണങ്ങള്‍; വെളിപ്പെടുത്തലുമായി എന്‍ഐഎ

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഏപ്രില്‍ 22ന് ആക്രമണം നടത്തിയ തീവ്രവാദികള്‍ ഇപ്പോഴും മേഖലയിലുണ്ടെന്ന് എന്‍ഐഎ കണ്ടെത്തല്‍. ഭീകരാക്രമണത്തിന് പിന്നാലെ സുരക്ഷാ സേനയും ജമ്മുകശ്മീര്‍ പൊലീസും സംയുക്തമായി മേഖലയില്‍ തിരച്ചില്‍ തുടരുന്നതിനിടെയാണ് എന്‍ഐഎ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

ഭീകരാക്രമണത്തിന്റെ അന്വേഷണ ചുമതല എന്‍ഐഎയ്ക്ക് ആണ്. ഇപ്പോഴും പ്രദേശത്തെ വനമേഖലയില്‍ ഒളിവില്‍ തുടരുന്നുവെന്ന് കരുതപ്പെടുന്ന ഭീകരര്‍ക്ക് ഭക്ഷണം അടക്കമുള്ള അവശ്യസാധനങ്ങള്‍ കൈവശമുണ്ടെന്നാണ് എന്‍ഐഎയുടെ വെളിപ്പെടുത്തല്‍. അതിനാല്‍ തന്നെ ഇവര്‍ പ്രദേശത്തെ ഇടതൂര്‍ന്ന വനങ്ങളില്‍ ഒളിച്ചിരിക്കുകയായിരിക്കുമെന്നും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.

ഭക്ഷണങ്ങളും അവശ്യസാധനങ്ങളും കൈവശമുള്ളതിനാലാണ് ഭീകരരെ കണ്ടെത്താന്‍ സാധിക്കാത്തതെന്നാണ് എന്‍ഐഎയുടെ നിരീക്ഷണം. എന്നാല്‍ ആക്രമണം നടന്ന ബൈസാരന്‍ താഴ്വരയില്‍ സംഭവത്തിന് 48 മണിക്കൂര്‍ മുമ്പെങ്കിലും തീവ്രവാദികള്‍ ഉണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

Read more

നേരത്തെ ഭീകരരുടെ കൈവശം അത്യാധുനിക ആശയവിനിമയ ഉപകരണങ്ങള്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ചൈനീസ് നിര്‍മ്മിത സാറ്റലൈറ്റ് ഫോണുകളും ഇന്ത്യയില്‍ നിരോധനമുള്ള ചൈനീസ് ആപ്പുകളുമാണ് ഇവര്‍ ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുള്ളത്.