'കര്‍ണാടകയില്‍ മാത്രമല്ല, കേരളത്തിലും ബിജെപി അധികാരത്തിലെത്തും'; അതിനുള്ള ശക്തി പാര്‍ട്ടിയ്ക്കുണ്ടെന്ന് അമിത് ഷാ

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. കേരളം, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലും ഭാവിയില്‍ ബിജെപി അധികാരം പിടിക്കുമെന്നു പറഞ്ഞ അദ്ദേഹം ഈ സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ എത്താനുള്ള ശക്തി പാര്‍ട്ടിക്കുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയപ്രതിസന്ധി നിലനില്‍ക്കുന്ന കര്‍ണാടകയില്‍ ബിജെപി ഉടന്‍ സര്‍ക്കാര്‍ രൂപീകരിക്കില്ലെന്നാണ് അമിത് ഷാ പറഞ്ഞത്. എന്നാല്‍ ഉറപ്പായും ബിജെപി സര്‍ക്കാര്‍ കര്‍ണാടകയില്‍ അധികാരത്തിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്ദള്‍ സഖ്യ സര്‍ക്കാറിനെ താഴെയിറക്കി പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി അണിയറ നീക്കം കര്‍ണാടകയില്‍ വീണ്ടുമൊരു രാഷ്ട്രീയ നാടകത്തിനാണ് വഴി തെളിച്ചിരിക്കുന്നത്.

മുന്‍ മന്ത്രി രമേഷ് ജാര്‍ക്കിഹോളിയുടെ നേതൃത്വത്തില്‍ 13 കോണ്‍ഗ്രസ്-ദള്‍ എംഎല്‍എമാര്‍ സ്പീക്കറുടെ ഓഫിസിലെത്തിയാണു രാജി സമര്‍പ്പിച്ചത്. തങ്ങളുടെ രാജിക്ക് പിന്നില്‍ ബി.ജെ.പി. അല്ലെന്ന് വിമത എം.എല്‍.എമാര്‍ വ്യക്തമാക്കിയിരുന്നെങ്കിലും ശനിയാഴ്ച വൈകീട്ട് ഇവര്‍ മുംബൈയിലേക്ക് യാത്ര ചെയ്തത് ബി.ജെ.പി. എം.പിയുടെ വിമാനത്തിലായിരുന്നുവെന്നാണ് വിവരം. കര്‍ണാടകയില്‍ നിന്ന് മുംബൈയിലെത്തിയ എം.എല്‍.എമാര്‍ മുംബൈയിലെ ഹോട്ടലില്‍ തുടരുകയാണ്.