പുതിയ യുദ്ധ വിമാനങ്ങൾ സ്വന്തമാക്കാൻ ഇന്ത്യൻ വ്യോമസേന

നൂറ്റിപതിനാല് അത്യാധുനിക യുദ്ധവിമാനങ്ങൾ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യൻ വ്യോമസേന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആത്മനിർഭർ ഭാരത് പദ്ധതിക്ക് കീഴിൽ വിമാനങ്ങൾ ലഭ്യമാക്കാൻ വിദേശ യുദ്ധവിമാന കമ്പനികളുമായി ചർച്ച തുടങ്ങി. ഇതിൽ 96 വിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കാനും. 18 എണ്ണം വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാനുമാണ് തീരുമാനം.

പ്രമുഖ യുദ്ധവിമാന കമ്പനികളായ ലോക്ക്ഹീഡ് മാർട്ടിൻ, മിഗ്, ദസോ ഏവിയേഷൻ, സാബ്, ഇർക്കുട്ട് കോർപ്പറേഷൻ തുടങ്ങിയ കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ആദ്യത്തെ 18 വിമാനങ്ങൾ ഇറക്കുമതി ചെയ്യും. തുടർന്ന് 36 എണ്ണം ഇവിടെ നിർമ്മിക്കും.

ഇവയുടെ വില വിദേശ കറൻസിയായും ഇന്ത്യൻ കറൻസിയായും നൽകും. അവസാനത്തെ 60 വിമാനങ്ങൾ കരാറിൽ പങ്കാളിയാകുന്ന ഇന്ത്യൻ കമ്പനിയാകും നിർമ്മിക്കുക.  ഇതുവഴി പദ്ധതിയിൽ 60 ശതമാനം മെയ്ക് ഇൻ ഇന്ത്യ എന്ന ആശയം ഉറപ്പു വരുത്താനാകുമെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതീക്ഷ.

ചൈനയും പാക്കിസ്ഥാനും ഉയർത്തുന്ന ഭീഷണി നേരിടാൻ കൂടുതൽ യുദ്ധവിമാനങ്ങൾ ആവശ്യമാണെന്നാണ് ഇന്ത്യയുടെ വാദം. അറ്റകുറ്റപ്പണികൾക്കായി വലിയ ചെലവ് ആവശ്യമില്ലാത്ത കൂടുതൽ കാലം ഉപയോഗിക്കാൻ കഴിയുന്ന വിമാനങ്ങളാണ് വാങ്ങുക.