പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ ഇറക്കിയ ഉത്തരവിൽ അവ്യക്തത; ആഭ്യന്തര മന്ത്രാലയത്തെ കൂടാതെ മറ്റ് മന്ത്രാലയങ്ങളുടെ അനുമതി വേണമെന്ന് വ്യവസ്ഥ

പ്രവാസികളുടെ മൃതദേഹങ്ങൾ ചരക്ക് വിമാനത്തില്‍ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ ഇറക്കിയ ഉത്തരവില്‍ അവ്യക്തത. ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഉത്തരവില്‍ മറ്റ് മന്ത്രാലയങ്ങളുടെ അനുമതി വേണമെന്ന് വ്യക്തമാക്കുന്നു. ഈ ഉത്തരവിനെതിരെ സാമൂഹിക പ്രവർത്തകരടക്കം രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.

മൃതദേഹങ്ങൾ നാട്ടലെത്തിക്കുന്നതു സംബന്ധിച്ച് നേരത്തെയുള്ള നിയമങ്ങൾക്കു പുറമെയാണ് പുതിയ നിർദേശം. ഇതു പ്രകാരം മൃതദേഹം കൊണ്ടുവരാൻ മറ്റ് സർക്കാർ വകുപ്പുകളുടെ കൂടി അനുമതി വേണമെന്നാണ് വ്യവസ്ഥ. ഇത് കൂടുതല്‍ സങ്കീർണമാക്കുമെന്നാണ് സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി അഭിപ്രായപ്പെടുന്നത്. ഈ വിഷയം ചൂണ്ടിക്കാട്ടി അഷ്റഫ് താമരശ്ശേരി കേന്ദ്രമന്ത്രി  വി.മുരളീധരൻറെ ശ്രദ്ധയില്‍ പെടുത്തുന്നതിനായി ഫെയ്സ് ബുക്കില്‍ കുറിപ്പ് പങ്കുവെച്ചു.

“മന്ത്രിസ്ഥാനം ഒരു താത്കാലിക പ്രതിഭാസമാണ്. അവിടെയിരുന്നു കൊണ്ട് ജനങ്ങൾക്ക് നല്ലത് ചെയ്താൽ അത് ജീവിതകാലം മൊത്തം ഓർമ്മിക്കപ്പെടും സാർ.അങ്ങ് വിദേശകാര്യ സഹമന്ത്രിയായി സ്ഥാനം ഏറ്റെടുത്തപ്പോൾ ഞങ്ങൾ പ്രവാസി സമൂഹം വളരെ പ്രതീക്ഷയോടെ കൂടിയാണ് അതിനെ വരവേറ്റത്”-അഷ്റഫ് പറഞ്ഞു. 

ഫെയ്സ് ബുക്ക് പോസ്റ്റിൻറെ പൂർണരൂപം:

ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി ശ്രീ V.മുരളീധരൻ അവർകൾ അറിയുന്നതിന്.
…………………………………………………………………..
ആദ്യം തന്നെ അങ്ങേക്കും കേന്ദ്ര സർക്കാരിനും നന്ദി അറിയിക്കുന്നു. ഇന്ന് പ്രവാസികളെ സംബന്ധിച്ചിടത്തോളം ആശ്വാസത്തിൻെറയും പ്രതീക്ഷയുടെയും ദിവസമാണ്.പ്രധാനപ്പെട്ടത് കുവെെറ്റിൽ കാൻസർ ബാധിച്ച കുഞ്ഞുമോളെ വിദഗ്ദ്ധ ചികിത്സക്ക് വേണ്ടി ഇൻഡ്യൻ വ്യോമസേന വിമാനത്തിൽ ഡൽഹിയിൽ കൊണ്ട് വരാൻ കഴിഞ്ഞതിന്,പിന്നെ ചരക്ക് വിമാനത്തിൽ മൃതദേഹങ്ങൾ കൊണ്ട് പോകുന്നതിനുളള വിലക്ക് നീക്കിയതിനും.ആര് നല്ലത് ചെയ്താലും നല്ലതെന്ന് പറയാനുളള മനസ്സ് പ്രവാസിക്കുണ്ട്.കഴിഞ്ഞ 24 തിയതി ഒരു ചാനലിൽ നൽകിയ അഭിമുഖത്തിൽ താങ്കൾ പറഞ്ഞത് ചെന്നെെയിലും മറ്റ് വിമാനത്താവളങ്ങളിലും മൃതദേഹങ്ങൾ തടഞ്ഞ് വെച്ചിട്ടില്ലായെന്നാണ്.ഇന്നലെയും ഡൽഹി വിമാനതാവളത്തിൽ നിന്നും തിരിച്ഛ് അയച്ചിരുന്നു.പിന്നെ താങ്കൾ പറഞ്ഞത് ചില സാമൂഹിക പ്രവർത്തകരും,മാധ്യമ പ്രവർത്തകരും നടത്തുന്ന പ്രസ്താവനകൾ അടിസ്ഥാനരഹിതമാണ് എന്ന്. ഒരിക്കലും അങ്ങയെ പോലെയുളള ഒരു പ്രമുഖ നേതാവിൻെറ ഭാഗത്ത് നിന്നും ഒരിക്കലും പ്രതീക്ഷിച്ചതല്ല ഈ വാക്കുകൾ,ഇവിടെ കുറച്ച് ദിവസമായി പ്രവാസികൾ അനുഭവിച്ചോണ്ട് ഇരിക്കുന്ന പ്രയാസങ്ങൾ താങ്കൾ കാണുന്നില്ലായിരുന്നോ? സന്ദർശക വിസയിൽ വന്നവർ,വയസ്സായ മാതാപിതാക്കൾ,ഗർഭിണികൾ,സ്വന്തം അച്ഛൻെറ മൃതദേഹം അവസാനമായി കാണാൻ കഴിയാത്ത മകളുടെ കണ്ണുനീർ, സ്വന്തം മകൻെറ മൃതദേഹം നാട്ടിലേക്ക് അയച്ചിട്ട് പോകാൻ കഴിയാതെ അന്ത്യകർമ്മങ്ങൾ Skype ലൂടെ കണ്ട മാതാപിതാക്കളുടെ വിലാപം.നാട്ടിൽ നിന്ന് മരുന്നുകൾ കിട്ടാതെ ബുദ്ധിമുട്ടുന്ന രോഗികൾ,അങ്ങനെ പോകുന്നു, ഇവിടെത്തെ പ്രവാസികളുടെ കണ്ണ് നീരിൻെറയും,പ്രയാസത്തിൻെറ കഥകൾ, അങ്ങേയുടെ ഒരു സമാധാന വാക്ക് മതി, ഇവിടെത്തെ മലയാളിയായ പ്രവാസികളുടെ വേദനയകറ്റാൻ,ഇതൊക്കെ നേരിൽ കാണുന്നത് ഞങ്ങളാണ്, ചിലപ്പോൾ പ്രതികരിച്ച് പോയിന്നെരിക്കും സാർ, അതിനെ താങ്കൾ അടിസ്ഥാനരഹിതമായ ആരോപണങ്ങളായി തളളി കളയരുത്. മന്ത്രി സ്ഥാനം ഒരു താൽക്കാലിക പ്രതിഭാസമാണ്. അവിടെയിരുന്നുകൊണ്ട് ജനങ്ങൾക്ക് നല്ലത് ചെയ്താൽ അത് ജീവിതക്കാലം മൊത്തം ഓർമ്മിക്കപ്പെടും സാർ.അങ്ങ് വിദേശകാര്യ സഹമന്ത്രിയായി സ്ഥാനം ഏറ്റെടുത്തപ്പോൾ ഞങ്ങൾ പ്രവാസി സമൂഹം വളരെ പ്രതീക്ഷയോട് കൂടിയാണ് അതിനെ വരവേറ്റത്.രാഷ്ട്രിയത്തിനും, മതത്തിനും, ജാതിക്കും അതീതമായി മനുഷ്യൻെറ നന്മക്ക് വേണ്ടി മാത്രം ജീവിക്കുന്നവരാണ് ഞങ്ങൾ പ്രവാസികൾ.മുൻ കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം വിചാരിച്ചപ്പോൾ പ്രതേൃക വിമാനത്തിൽ ലണ്ടനിൽ നിന്നും രോഗിയെ കേരളത്തിൽ കൊണ്ട് വരാൻ സാധിച്ചു.വിചാരിച്ചാൽ നടക്കും.മനസ്സുകൊണ്ട് തീരുമാനിക്കണം. അധികാരത്തിൽ ഇരുന്നാൽ വിമർശിക്കപ്പെടണം.വിമർശനങ്ങളെ വാക്കുകൾ കൊണ്ട് വിജയിക്കുവാൻ നോക്കുന്നതിന് പകരം വിമർശനങ്ങളെ ശരിയിലൂടെ correct ചെയ്താൽ മതിയാകും. താങ്കളെ ഒരു കാര്യം കൂടെ ഓർമ്മിപ്പിച്ചിട്ട് ഞാൻ എൻെറ ഈ വാക്കുകൾ അവസാനിപ്പിക്കുകയാണ്.വാജ്പേയി സർക്കാരിൻെറ കാലത്ത് കേരളത്തിൽ നിന്നും റെയിൽവേ സഹമന്ത്രിയായിരുന്നത് അങ്ങയുടെ പാർട്ടിയുടെ സീനിയർ നേതാവും ഇപ്പോഴത്തെ MLA യുമായ ശ്രീ രാജഗോപാൽ ആയിരുന്നു.കേരളത്തിന് റെയിൽവേയുടെ വികസനം നടന്നത് അദ്ദേഹത്തിൻെറ കാലഘട്ടത്തിൽ മാത്രം ആയിരുന്നു.അതിന് മുമ്പോ,ശേഷമോ ഒരിക്കലും അത്തരത്തിലുളള ഒരു വികസനവും ഉണ്ടായിട്ടില്ല.എന്ത് നല്ലത് ചെയ്താലും ജനത്തിൻെറ മനസ്സിൽ ഒരു സ്ഥാനം ഉണ്ടാകും.ആ ഒരു പേര് ചരിത്രത്തിൽ മായാതെ നിൽക്കുകയും ചെയ്യും സാർ…..