'ബി.ജെ.പിയുടെ നയങ്ങളുടെ വിജയം'; യു.പിയില്‍ ജാതി രാഷ്ട്രീയം അവസാനിച്ചു: പ്രധാനമന്ത്രി

നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല് സംസ്ഥാനങ്ങളിലേക്ക് നേടിയ വിജയത്തില്‍ പ്രവര്‍ത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിക്ടറി ഫോര്‍ എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് വിജയത്തെ വിശേഷിപ്പിച്ചത്.പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത് എന്‍ഡിഎ പ്രവര്‍ത്തകരുടെ വിജയമാണ്. മാര്‍ച്ച് 10 മുതല്‍ ഹോളി ആരംഭിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. ജനാധിപത്യത്തിന്റെ ഈ ഉത്സവത്തില്‍ പങ്കെടുത്തതിനും ബിജെപിക്ക് ഈ വിജയം ഉറപ്പാക്കിയതിന് എല്ലാ വോട്ടര്‍മാര്‍ക്കും നന്ദി അറിയിക്കുകയായിരുന്നു. യുപിയില്‍ ആദ്യമായി ഒരു മുഖ്യമന്ത്രി രണ്ടാം തവണ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഇത് ചരിത്ര ദിവസമാണെന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ വ്യക്തമാക്കി.

ഗോവയില്‍ ബിജെപി നേടിയ വിജയത്തോടെ എക്സിറ്റ് പോളുകളും തെറ്റാണെന്ന് തെളിഞ്ഞു. ഉത്തരാഖണ്ഡില്‍ ബിജെപി പുതിയ ചരിത്രം രചിച്ചു, സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം തവണയും ആദ്യമായി ഒരു പാര്‍ട്ടി അധികാരത്തില്‍ വന്നിരിക്കുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍.

പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ വോട്ട് ചെയ്ത മണ്ഡലങ്ങളില്‍ ബിജെപി വിജയിക്കുന്നു. യുപിയില്‍ ജാതി രാഷ്ട്രീയം അവസാനിച്ചിരിക്കുകയാണ്. ജാതി വാദ രാഷ്ട്രീയം കളിക്കുന്നവര്‍ യുപിയിലെ ജനങ്ങളെ അപമാനിച്ചു എന്നും പ്രധാനമന്ത്രി ആരോപിച്ചു.