ചാനല്‍ അഭിമുഖത്തിനിടെ റഫാല്‍ അഴിമതിയുമായി ബന്ധപ്പെട്ട ചോദ്യം; ഉത്തരം മുട്ടിയപ്പോള്‍ അവതാരകയോട് തട്ടിക്കയറി മോദി

ചാനല്‍ അഭിമുഖത്തിനിടെ അവതാരകയോട് കയര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഫാല്‍ അഴിമതിയുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് മോദി അവതാരകയോട് പൊട്ടിത്തെറിച്ചത്. എ.പി.ബി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിനിടെയായിരുന്നു സംഭവം.

അവതാരികയോട് മോദി ദേഷ്യപ്പെടുന്ന വീഡിയോ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്. “റഫാല്‍ കരാറില്‍ അനില്‍ അംബാനിക്ക് അനുകൂലമായി താങ്കള്‍ പ്രവര്‍ത്തിച്ചു എന്നത് കള്ളമാണോ” എന്നായിരുന്നു അവതാരികയായ റുബികാ ലിയാഖത്തിന്റെ ചോദ്യം. ഇതു കേട്ടതോടെ ദേഷ്യപ്പെട്ട് വിരല്‍ ചൂണ്ടിയാണ് മോദി സംസാരിച്ചത്.

“നിങ്ങള്‍ക്ക് സുപ്രീം കോടതിയെ പോലും വിശ്വാസമില്ലേ എന്നായിരുന്നു മോദിയുടെ ഇതിനുള്ള മറുചോദ്യം. “എ.ബി.പി ന്യൂസിന് സുപ്രീം കോടതിയെ പോലും വിശ്വാസമില്ലെങ്കില്‍ അതിനേക്കാളും വലിയ നിര്‍ഭാഗ്യമില്ല. ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ അംഗീകരിക്കുന്നില്ലേ? നിങ്ങള്‍ സി.എ.ജിയെ വിശ്വസിക്കുന്നില്ലേ? ഇന്ത്യന്‍ പാര്‍ലമെന്റിനെ വിശ്വസിക്കുന്നില്ലേ? എന്നൊക്കെയായിരുന്നു മോദി അവതാരികയോട് ചോദിച്ചത്.

മോദിയുടെ ഈ നിലപാടിനെയാണ് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചത്. നിങ്ങള്‍ ചെയ്ത കര്‍മ്മത്തിന്റെ ഫലം നിങ്ങള്‍ അനുഭവിക്കുക തന്നെ ചെയ്യുമെന്ന് പറഞ്ഞാണ് രാഹുല്‍ അഭിമുഖത്തിന്റെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. നിങ്ങള്‍ക്ക് ഓടാം. പക്ഷേ സത്യത്തില്‍ നിന്ന് ഒളിക്കാനാവില്ലെന്നും രാഹുല്‍ പറയുന്നു.

“നിങ്ങള്‍ ചെയ്ത കര്‍മ്മം നിങ്ങളെ പിന്തുടരും. നിങ്ങളില്‍ നിന്ന് തന്നെ ഈ രാജ്യം സത്യമറിയും. സത്യത്തിന്റെ ശക്തി വലുതാണ്. അഴിമതിയെ കുറിച്ച് ഒരു സംവാദം നടത്താന്‍ നിങ്ങളെ ഞാന്‍ വെല്ലുവിളിക്കുകയാണ്”.- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.