മികച്ച പ്രതിപക്ഷമാകാനുളള അവസരം കോണ്‍ഗ്രസ് നഷ്ടമാക്കിയെന്ന് നരേന്ദ്ര മോദി

മികച്ച പ്രതിപക്ഷമാകാനുളള അവസരം കോണ്‍ഗ്രസ് നഷ്ടമാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് ശേഷമുള്ള മറുപടി പ്രസംഗത്തിലായിരുന്നു മോദിയുടെ വിമര്‍ശനം. ചെങ്കോലിന്റെ പിന്നാലെ നടന്നതില്‍ അഭിമാനമെന്ന് പറഞ്ഞ പ്രധാനമന്ത്രി പ്രതിപക്ഷത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.

കോണ്‍ഗ്രസിന് കുറേ കാലത്തേക്ക് അധികാരത്തിലെത്താന്‍ സാധിക്കില്ലെന്നും വീണ്ടും പ്രതിപക്ഷത്തിരിക്കാന്‍ ജനം ആശീര്‍വദിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രതിപക്ഷത്തെ പലര്‍ക്കും താത്പര്യമില്ല. മികച്ച പ്രതിപക്ഷമാകാനുളള അവസരം കോണ്‍ഗ്രസ് നഷ്ടമാക്കിയെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിന്റെ കുടുംബ ഭരണം കാരണം കഴിവുള്ളവര്‍ക്ക് ഉയര്‍ന്നുവരാനായില്ലെന്നും പ്രധാനമന്ത്രി ആരോപിച്ചു. ഒരു കുടുംബത്തിലെ കൂടുതല്‍ പേര്‍ രാഷ്ട്രീയത്തിലെത്തുന്നത് ദോഷമല്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി കുടുംബം പാര്‍ട്ടിയെ നയിക്കുന്നത് ജനാധിപത്യത്തിന് അപകടമാണെന്നും കൂട്ടിച്ചേര്‍ത്തു. രാജ്‌നാഥ് സിംഗിന്റെയും അമിത് ഷായുടെയും കുടുംബങ്ങള്‍ പാര്‍ട്ടി നടത്തുന്നില്ലെന്നും മോദി പറഞ്ഞു.