കൊള്ളാം; ചായക്കടക്കാരന്റെ തലയില്‍ കൈവെച്ച് അഭിനന്ദിച്ച് മോദി, വൈറലായി വീഡിയോ

കഴിഞ്ഞ ദിവസം സ്വന്തം ലോക്‌സഭാ മണ്ഡലമായ വാരാണസിയിലെ റോഡ് ഷോയില്‍ നരേന്ദ്രമോദി പങ്കെടുത്തതിന്റെ ദൃശ്യങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ റാലി. റാലിക്കിടെ കുല്‍ഹാറിലെ കടയില്‍ ഒരു കപ്പ് ചായ ആസ്വദിക്കുന്ന മോദിയുടെ വീഡിയോയാണ് തരംഗമാവുന്നത്. പ്രാദേശിക നേതാക്കള്‍ക്കൊപ്പമാണ് മോദി ചായയ്ക്കായി എത്തിയത്.

ചായ കുടിച്ച ശേഷം കടക്കാരന്റെ തലയില്‍ കൈവച്ച് അഭിനന്ദിച്ച ശേഷമാണ് മോദി മടങ്ങിയത്. മോദി കടയിലെത്തിയതില്‍ അങ്ങേയറ്റം സന്തോഷമുണ്ടെന്ന് കടയുടമ മനോജ് പ്രതികരിച്ചു.

‘എനിക്ക് വലിയ സന്തോഷം തോന്നുന്നു. പ്രധാനമന്ത്രി മോദി ഞങ്ങള്‍ക്കൊരു എന്‍വലപ്പ് തന്നു. അത് എന്റെ അച്ഛന് കൊടുത്തിട്ടുണ്ട്. ജോര്‍ജ് ഫെര്‍ണാണ്ടസ്, രാജ്നാഥ് സിങ് തുടങ്ങിയ ഒരുപാട് നേതാക്കള്‍ ഞങ്ങളുടെ ചായക്കടയിലെത്തിയിട്ടുണ്ട്’ – മനോജ് എഎന്‍ഐ യുപിയോട് പറഞ്ഞു.

കന്റോണ്‍മെന്റ്, വാരാണസി നോര്‍ത്ത്, വാരാണസി സൗത്ത് എന്നീ നിയമസഭാ മണ്ഡലങ്ങളിലൂടെയായിരുന്നു മോദിയുടെ റോഡ് ഷോ. യുപിയിലെ ഏഴാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായാണ് മോദിയുടെ വാരാണസി സന്ദര്‍ശനം.