പ്രതിപക്ഷം എന്നെ അധിക്ഷേപിക്കുന്നു, പക്ഷേ കാവല്‍ക്കാരന്‍ ജാഗ്രതയോടെ തന്നെ നില്‍ക്കും: നരേന്ദ്ര മോദി

പ്രതിപക്ഷം പാകിസ്ഥാനെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍ക്കാരിന്റെ നേട്ടങ്ങളെ പ്രശംസിക്കുന്നതിന് പകരം പ്രതിപക്ഷം കാവല്‍ക്കാരനെ അധിക്ഷേപിക്കാന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍, നിങ്ങളുടെ കാവല്‍ക്കാരന്‍ എന്നത്തെക്കാളും ജാഗ്രതയോടെയാണ് നിലകൊള്ളുന്നതെന്നും മോദി ബിഹാറിലെ പട്‌നയില്‍ നടന്ന സങ്കല്‍പ്പ് റാലിയില്‍ പറഞ്ഞു.

രാജ്യം ഒറ്റക്കെട്ടായി സൈന്യത്തിനൊപ്പം നില്‍ക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രമേയം പാസാക്കാനാണ് ഇരുപത്തിയൊന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിച്ചത്. ഭീകരക്യാംപുകള്‍ തകര്‍ത്തതിനു ശേഷം കോണ്‍ഗ്രസ് ചോദിച്ചത് തെളിവാണ്. കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ഇന്ത്യന്‍ സേനയുടെ മനോവീര്യം കെടുത്തുകയാണ്. അവരുടെ നിലപാടുകള്‍ ശത്രുക്കള്‍ക്ക് നേട്ടമാണ്. മിന്നലാക്രമണത്തിന് ശേഷം പ്രതിപക്ഷ പാര്‍ട്ടികള്‍ കള്‍ നടത്തിയ പ്രസ്താവനകള്‍ പാകിസ്ഥാനിലെ ജനങ്ങള്‍ കൈയ്യടിയോടെയാണ് സ്വീകരിച്ചതെന്ന് മോദി കുറ്റപ്പെടുത്തി.

എന്നാല്‍, ജവാന്മാരുടെ മരണത്തില്‍ പുതിയ ഇന്ത്യ മൗനമായിരിക്കില്ലെന്നും തക്കതായ മറുപടി നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.