യുപിയിൽ വീണ്ടും പേര് മാറ്റം. മുസ്തഫാബാദ് ഇനിമുതൽ കബീർധാം എന്നറിയപ്പെടും. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് പുതിയ പ്രഖ്യാപനം നടത്തിയത്. ‘സന്ത് കബീറുമായി ബന്ധപ്പെട്ട പ്രദേശത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ സ്വത്വം പുനഃസ്ഥാപിക്കുന്നതിന്‍റെ ഭാഗമാണ് മാറ്റം’ എന്നാണ് യോഗി പറഞ്ഞത്.
പേരുമാറ്റ നടപടിക്രമങ്ങള്‍ ആരംഭിച്ചെന്നും ആദിത്യനാഥ് അറിയിച്ചു. സ്മൃതി മഹോത്സവ് മേളയിൽ സംസാരിക്കവേയാണ് യോഗി പ്രഖ്യാപനം നടത്തിയത്. റാലിയിൽ വിഷലിപ്തമായ വാക്കുകൾ പ്രയോഗിക്കാനും യോഗി മറന്നില്ല. മുസ്ലിം ഭരണാധികാരികള്‍ അവരുടെ പേരുകളാണ് സ്ഥലങ്ങൾക്ക് നല്‍കിയതെന്നും, ‘ഡബിള്‍ എഞ്ചിന്‍’ സര്‍ക്കാര്‍ ആ പേരുകള്‍ വെട്ടിമാറ്റിയെന്നും യോഗി പറഞ്ഞു.
‘മുമ്പ് ഭരിച്ചിരുന്നവർ അയോധ്യയെ ഫൈസാബാദ് എന്നും പ്രയാഗ്‌രാജിനെ അലഹബാദ് എന്നും കബീർധാമിനെ മുസ്തഫാബാദ് എന്നും പുനർനാമകരണം ചെയ്തുവെന്നും യോഗി പറഞ്ഞു. ഞങ്ങളുടെ സർക്കാർ അത് പഴയപടിയാക്കുകയാണ്’ എന്നും യോഗി കൂട്ടിച്ചേർത്തു. മുസ്ലീം ജനസംഖ്യ ഇല്ലാത്ത ഗ്രാമത്തിന് മുസ്തഫാബാദ് എന്ന് പേരിട്ടതിൽ അത്ഭുതമുണ്ടെന്നും യോഗി പറഞ്ഞു. മുൻകാലങ്ങളിലെ പോലെയല്ലെന്നും സർക്കാറിന്‍റെ പണം ഇപ്പോൾ ഇതുപോലുള്ള ‘വിശ്വാസ കേന്ദ്രങ്ങളുടെയും പൈതൃകങ്ങളുടെയും’ വീണ്ടെടുപ്പിനായാണ് ഉപയോഗിക്കുന്നതെന്നും യോഗി കൂട്ടിച്ചേർത്തു.







