ഡൽഹി കലാപബാധിതരെ സഹായിച്ച സിഖുകാരോടുള്ള ബഹുമാനാർത്ഥം വിവാഹദിനത്തിൽ സിഖ് തലപ്പാവ് ധരിച്ച് മുസ്ലിം വരൻ

ഏതാനും ദിവസം മുമ്പ് ആംനസ്റ്റി ഇന്റർനാഷണൽ ഒരു വീഡിയോ പുറത്തിറക്കിയിരുന്നു, മുസ്ലിം, സിഖ് പുരുഷന്മാർ ശിരോവസ്ത്രം കൈമാറുന്നതായിരുന്നു ഈ വീഡിയോയിൽ. വസ്ത്രം എന്നത് ഒരു വ്യക്തിയുടെ മതവിശ്വാസത്തിന്റെ ഭാഗമാണ്, അവരുടെ പൂർണമായ സ്വത്വമല്ല എന്ന സുപ്രധാനമായ ഒരു ആശയം ചൂണ്ടിക്കാണിക്കുന്നതിനായിരുന്നു ഈ വീഡിയോ.

ഇതേ സന്ദേശം തന്നെ പ്രചരിപ്പിക്കുന്നതിനായി, അബ്ദുൾ ഹക്കീം എന്ന മുസ്ലിം പുരുഷൻ തന്റെ വിവാഹദിനത്തിൽ സിഖ് തലപ്പാവ് അണിഞ്ഞിരിക്കുകയാണ് ഇപ്പോൾ. പഞ്ചാബിലെ ഗിഡ്ബെർബയിൽ നടന്ന വിവാഹത്തിൽ അബ്ദുള്ളിന്റെ സുഹൃത്തുക്കളും തലപ്പാവ് ധരിച്ചിരുന്നു.

“എന്റെ മരുമകൻ സാമുദായിക ഐക്യത്തിന്റെ സന്ദേശം നൽകി. ഒരു യഥാർത്ഥ മുസ്ലിമിനെ അയാളുടെ തൊപ്പി കൊണ്ടല്ല അവന്റെ സത്യസന്ധത കൊണ്ടാണ് തിരിച്ചറിയുന്നത്. അതേ രീതിയിൽ, ഒരു യഥാർത്ഥ സിഖിനെ തിരിച്ചറിയുന്നത് അദ്ദേഹത്തിന്റെ തലപ്പാവ് കൊണ്ട് മാത്രമല്ല, അദ്ദേഹത്തിന്റെ ധർമ്മം കൊണ്ട് കൂടിയാണ്.” അബ്ദുളിന്റെ അമ്മായിയച്ഛൻ ദി ട്രിബ്യുണിനോട് പറഞ്ഞു.

“ഡൽഹിയിലെ മുസ്ലിങ്ങളെ കലാപത്തിനിടെ രക്ഷിച്ച സിഖുകാരോടുള്ള ബഹുമാനാർത്ഥം തലപ്പാവ് ധരിക്കുമെന്നും സാമുദായിക ഐക്യത്തിന്റെ സന്ദേശം നൽകുമെന്നും അബ്ദുൾ മുൻകൂട്ടി ഞങ്ങളോട് പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ തീരുമാനത്തിൽ ഞങ്ങൾ സന്തുഷ്ടരായിരുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.