മോദി തരംഗമില്ലാതെ ഗുജറാത്ത്; സര്‍വേ ഫലത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് കോണ്‍ഗ്രസ്

മോദി തരംഗം ഗുജറാത്തില്‍ നിലവില്ലെന്ന് സര്‍വേ ഫലം. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തില്‍ എത്തിക്കുന്നതിന് നിര്‍ണായകമായി മാറിയത് മോദി തരംഗമായിരുന്നു. പൊളിറ്റിക്കല്‍ എഡ്ജ് നടത്തിയ സര്‍വേയിലാണ് കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുമെന്ന് വിലയിരുത്തുന്നത്.

ഗുജറാത്തില്‍ കഴിഞ്ഞ തവണ 26 സീറ്റും നേടിയ ബിജെപി ഇത്തവണ 16 ല്‍ ഒതുങ്ങുമെന്നാണ് സര്‍വേ പറയുന്നത്. കോണ്‍ഗ്രസ് 10 സീറ്റില്‍ നേട്ടമുണ്ടാക്കും. അതായത് 10 സീറ്റ് ബിജെപിക്ക് നഷ്ടമാകും. ആനന്ദ്, ജുനഗഡ്, അമ്രേലി, സുരേന്ദ്രനഗര്‍, പട്ടാന്‍, സബര്‍കന്ത മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ചായവ് പ്രകടമാണ്. ഗ്രാമീണ മേഖലയില്‍ ബിജെപി കോട്ടകള്‍ തകരും.

സൗരാഷ്ട്ര മേഖലയില്‍ പട്ടേല്‍ സംവരണ സമരനേതാവ് ഹാര്‍ദിക് പട്ടേലിന്റെ കോണ്‍ഗ്രസിലേക്കുള്ള വരവ് ബിജെപിക്ക്് ദോഷം ചെയ്തു. ഇതും കോണ്‍ഗ്രസിന് ഗുണകരമായി മാറുമെന്നാണ് കരുതുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എ ഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ചേര്‍ന്നാണ് പട്ടേലിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. ഗുജറാത്തിലെ ജാംനഗറില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ഹാര്‍ദിക്ക് മത്സരിച്ചേക്കും.

നേരത്തെ പട്ടേല്‍ സംവരണം നടപ്പില്‍ വന്ന ശേഷം മാത്രം മത്സരിക്കുകയുള്ളൂ എന്ന് ഹാര്‍ദിക് അറിയിച്ചിരുന്നു. ഇത് യാഥാര്‍ത്ഥ്യമായ സ്ഥിതിക്ക് ലോക്‌സഭയിലേക്ക് മത്സരിക്കാനാണ് ഹാര്‍ദിക്കിന്റെ നീക്കം.