മോദിക്ക് അസൂയ; ഇറ്റലിയിലേക്ക് യാത്രാനുമതി നിഷേധിച്ചതിന് എതിരെ മമത ബാനർജി

നരേന്ദ്ര മോദി സർക്കാരിന് അസൂയയാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇന്നലെ ആരോപിച്ചു. റോം ആസ്ഥാനമായുള്ള കത്തോലിക്ക് ഫൗണ്ടേഷനായ കമ്മ്യൂണിറ്റി ഓഫ് സാന്റ്റ് എജിഡിയോ സംഘടിപ്പിച്ച സർവമത സമാധാന യോഗത്തിനായി ഇറ്റലിയിലേക്ക് പോകാൻ തനിക്ക് വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചതിനെത്തുടർന്നാണ് മമത ഇങ്ങനെ അഭിപ്രായപെട്ടത്‌.

ഈ പരിപാടി “നിങ്ങളുടെ പദവിക്ക് അനുസൃതമല്ല” എന്ന് കേന്ദ്രം തന്നോട് പറഞ്ഞതായി മമത ബാനർജി പറഞ്ഞു. രണ്ടു ദിവസത്തെ സമാധാന സമ്മേളനത്തിലേക്ക് ക്ഷണിക്കപ്പെട്ട അഞ്ഞൂറോളം മത-രാഷ്ട്രീയ നേതാക്കളിൽ ജർമ്മൻ ചാൻസലർ ആഞ്ചല മെർക്കൽ, ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗി, ഫ്രാൻസിസ് മാർപാപ്പ എന്നിവരും ഉൾപ്പെടുന്നു.

“റോമിൽ ലോകസമാധാനത്തെക്കുറിച്ച് ഒരു യോഗം ഉണ്ടായിരുന്നു, അവിടേക്ക് എന്നെ ക്ഷണിച്ചു. ജർമ്മൻ ചാൻസലർ, ഫ്രാൻസിസ് മാർപാപ്പ എന്നിവരും പങ്കെടുക്കുന്നുണ്ട്. ഇറ്റലി എനിക്ക് പങ്കെടുക്കാൻ പ്രത്യേക അനുമതി നൽകിയിരുന്നു … എന്നിട്ടും കേന്ദ്രം അനുമതി നിഷേധിച്ചു, മുഖ്യമന്ത്രിക്ക് അതിനുള്ള അവകാശമില്ലെന്നാണ് പറഞ്ഞത്,” മമത ബാനർജി ശനിയാഴ്ച പറഞ്ഞു.

“നിങ്ങൾക്ക് എന്നെ തടയാൻ കഴിയില്ല. എനിക്ക് വിദേശ രാജ്യങ്ങൾ സന്ദർശിക്കാൻ താൽപ്പര്യമില്ല … പക്ഷേ ഇത് രാഷ്ട്രത്തിന്റെ അഭിമാനവുമായി ബന്ധപ്പെട്ട കാര്യമാണ്. നിങ്ങൾ (പ്രധാനമന്ത്രി മോദി) ഹിന്ദുക്കളെക്കുറിച്ച് സംസാരിക്കുന്നു … ഞാനും ഒരു ഹിന്ദു സ്ത്രീയാണ്. എന്തുകൊണ്ടാണ് നിങ്ങൾ എന്നെ പോകാൻ അനുവദിക്കാത്തത്? നിങ്ങൾക്ക് അസൂയയാണ്,” മമത പറഞ്ഞു.