ദേശവാസികള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ മോദി പോയ ഗുഹയില്‍ അത്യാധുനിക സംവിധാനങ്ങള്‍; ടോയ്‌ലറ്റ് അറ്റാച്ച്ഡ് റൂം,സിസിടിവി,എല്ലാം നിരീക്ഷിച്ച് ചുറ്റിക്കറങ്ങി സുരക്ഷാ ജീവനക്കാര്‍

പ്രചാരണം കഴിഞ്ഞ് നാട്ടുകാര്‍ക്കും രാജ്യത്തിനും വേണ്ടി നെഞ്ചുരുകി പ്രാര്‍ഥിക്കാന്‍ മോദി പോയ ഗുഹയില്‍ സ്റ്റാര്‍ സംവിധാനങ്ങള്‍. സമുദ്ര നിരപ്പില്‍ നിന്ന് 12000 അടി ഉയരത്തിലുള്ള കേദര്‍നാഥ് ക്ഷേത്രത്തിനടുത്ത് കരിങ്കല്ലില്‍ കൊത്തി പണി തീര്‍ത്ത ഗുഹ ടോയ്‌ലറ്റ് അറ്റാച്ച്ഡും സി സി ടിവി ക്യാമറ അടക്കമുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമാണ്.

പ്രധാന ക്ഷേത്രത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ ദൂരത്തുള്ള ഗുഹ പാറ കൊത്തി തീര്‍ത്തതാണ് ഗുഹ. അറ്റാച്ചഡ് ബാത്ത് റൂമും വെളിച്ചവും വായുവും കയറാന്‍ ജനലും 10 അടി ഉയരത്തിലുള്ള തട്ടുമുള്ളതാണ് മോദി ധ്യാനത്തിന് പോയ ഗുഹ.ശനിയാഴ്ചയായിരുന്നു മോദി ഇവിടെ ധ്യാനത്തിലിരുന്ന് ദേശവാസികള്‍ക്ക് വേണ്ടി പ്രാര്‍ഥന നടത്തിയത്. നെഹ്രൂ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനിംഗ് ഓഫീസറെ ഉദ്ധരിച്ചുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യയാണ് ഈ വിവരം പുറത്ത് വിട്ടത്.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ഏറെ നാള്‍ മുമ്പെ ഇവിടെ ഇത്തരം സംവിധാനങ്ങള്‍ ഒരുക്കിതുടങ്ങി. വൈദ്യുതിയും വെള്ളവും അടക്കമുള്ള സംവിധാനങ്ങളെല്ലാം ഒരുക്കി ഗുഹ അടച്ചിട്ടിരിക്കുകയായിരുന്നു. സുരക്ഷയ്ക്കായി സിസിടിവിയും ഒരുക്കി ചുറ്റുപാടും ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇത് സസൂഷ്മം നിരീക്ഷിച്ചു വരികയുമായിരുന്നു.

ഔദ്യോഗിക യാത്രയാണെന്ന് കാണിച്ചാണ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുമ്പോള്‍ മോദി കേദാര്‍ നാഥ് സന്ദര്‍ശനം നടത്തിയിരിക്കുന്നത്.അതേസമയം, ഗുഹയ്ക്കുള്ളില്‍ സെറ്റിട്ട് ക്ലീനാക്കിയ പീഠത്തില്‍ (കട്ടിലില്‍) കാഷായം ധരിച്ച് മൂടിപ്പുതച്ചിരുന്ന് ധ്യാനിക്കുന്ന മോദിയുടെ ചിത്രങ്ങളാണ് പുറത്തുവന്നത് വലിയ പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമാണ് വഴിതെളിച്ചിരിക്കുന്നത്.മോദിയുടേത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. “മതം ഒരാളുടെ വ്യക്തിപരമായ വിശ്വാസത്തിന്റെ ഭാഗമാണ്. വോട്ട് നേടാനുള്ള മാര്‍ഗമായി അതുപയോഗിക്കരുതെന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവര്‍ത്തിച്ചിട്ടുള്ളതാണ്. പക്ഷേ കേദാര്‍നാഥില്‍ ചെയ്ത പ്രവൃത്തിയിലൂടെ മോദി അതു ലംഘിച്ചിരിക്കുകയാണ്. അതും നിശബ്ദ പ്രചാരണത്തിന്റെ സമയം. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറക്കം തുടരുകയാണ്.”- യെച്ചൂരി ട്വീറ്റ് ചെയ്തു.