മണിപ്പുര്‍ മുഖ്യമന്ത്രിയുടെ സ്വകാര്യ വസതിക്കു നേരെ ആക്രമണശ്രമം; വെടിയുതിര്‍ത്ത് തടഞ്ഞ് പൊലീസ്; വിദ്യാര്‍ത്ഥി പ്രതിക്ഷേധങ്ങള്‍ ശക്തം

മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങിന്റെ ഇംഫാലിലെ വസതിക്ക് നേരെ ആക്രമണ ശ്രമം; ഈസ്റ്റിലെ ആളൊഴിഞ്ഞ സ്വകാര്യ വസതിക്കു നേരെ ആക്രമണശ്രമം ഉണ്ടായത്. എന്നാല്‍, ആക്രമണ ശ്രമം പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്ത് തകര്‍ത്തു.

ഏകദേശം 500-600 ആളുകള്‍ ഉണ്ടായിരുന്നതായി ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഹയിന്‍ഗാങിലെ ബിരേന്‍ സിങ്ങിന്റെ സ്വകാര്യ വസതിയുടെ 150 മീറ്ററിന് അകലെ വച്ചു തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിഷേധിക്കാരെ തടഞ്ഞു. സ്വകാര്യവസതിക്കു സുരക്ഷാ ഉദ്യോഗസ്ഥര്‍ കാവല്‍നില്‍ക്കുന്നുണ്ടെങ്കിലും ഇവിടെ ആരും താമസിക്കുന്നില്ല. ഇംഫാലിലെ ഔദ്യോഗിക വസതിയിലാണ് ബിരേന്‍ സിങ് താമസിക്കുന്നത് .

രണ്ടു സംഘങ്ങളായാണു ആള്‍ക്കൂട്ടം മുഖ്യമന്ത്രിയുടെ വീടിനുനേരെ എത്തിയതെന്നു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാനായി ദ്രുത കര്‍മ സേന നിരവധി തവണ കണ്ണീര്‍ വാതകം പ്രയോഗിച്ചു. പ്രദേശത്തെ വൈദ്യുതി ബന്ധം ഉദ്യോഗസ്ഥര്‍ വിച്ഛേദിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ സ്വകാര്യ വസതിക്കു സമീപത്തായി നിരവധി ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
മെയ്തി വിഭാഗത്തില്‍ നിന്നുള്ള ഹിജാം ലിന്തോയിംഗമ്പി (17), ഫിജാം ഹേംജിത്ത് (20) എന്നീ വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തിയ രണ്ട് ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് പ്രതിഷേധം.

സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിയുടെ ബംഗ്ലാവിലേക്കും രാജ്ഭവനിലേക്കും മാര്‍ച്ച് ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇവരെ പിരിച്ചുവിടാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കനത്ത കണ്ണീര്‍ വാതക ഷെല്ലാക്രമണം നടത്തിയെങ്കിലും വിദ്യാര്‍ത്ഥികളുടെ പ്രതിനിധികളെ ഗവര്‍ണറെയും മുഖ്യമന്ത്രിയെയും കാണാന്‍ അനുവദിക്കുകയായിരുന്നു.