വരനെ തേടി എംകെ സ്റ്റാലിൻ, വിവാഹം അന്വേഷിച്ച് ഡിഎംകെ; വീണ്ടും എയറിലായി പാർട്ടി പോസ്റ്റർ

ആരാധന പ്രകടിപ്പിച്ചുള്ള പോസ്റ്റർ അമളിയായി മാറി പുലിവാല് പിടിച്ച് ഡിഎംകെ. മുഖ്യമന്ത്രി എംകെ സ്റ്റാലിനോടുള്ള ആരാധന പ്രകടിപ്പിക്കാന്‍ ഡിഎംകെ പ്രവര്‍ത്തകര്‍ സ്ഥാപിച്ച പോസ്റ്ററാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി പറക്കുന്നത്. ഒരു അക്ഷര തെറ്റാണു പാര്‍ട്ടിയെ എയറിലാക്കിയത്.

വലിയൊരു പുഷ്പഹാരമണിഞ്ഞ് നില്‍ക്കുന്ന സ്റ്റാലിന്‍റെ ചിത്രത്തിനൊപ്പം ‘ബ്രൈഡ് ഓഫ് തമിഴ്നാട് (‘Bride of Tamil Nadu’) എന്നു കൊടുത്തതാണ് പ്രശ്നമായത്. പ്രൈഡ് ഓഫ് തമിഴ്നാട് (Pride of Tamil Nadu) എന്നാണ് ഉദ്ദേശിച്ചതെങ്കിലും ‘പി’ മാറി ‘ബി’ ആയതാണ് അബദ്ധമായത്. സ്റ്റാലിന്‍റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനടക്കമുള്ള ഡിഎംകെ നേതാക്കളുടെ ചിത്രങ്ങളും പോസ്റ്ററിലുണ്ട്.

തിങ്കളാഴ്ചയാണ് പോസ്റ്റര്‍ എക്സില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനു പിന്നാലെ പോസ്റ്ററിനെ ട്രോളിക്കൊണ്ട് നെറ്റിസണ്‍സ് രംഗത്തെത്തി. വധു സ്റ്റാലിനാണെങ്കില്‍ ആരാണ് വരനെന്നായിരുന്നു ചിലരുടെ ചോദ്യം.

നേരത്തെ ഐഎസ്ആര്‍ഒയുടെ രണ്ടാം ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിന്‍റെ തറക്കല്ലിടല്‍ ചടങ്ങുമായി ബന്ധപ്പെട്ട് ഡിഎംകെ നല്‍കിയ പരസ്യവും വിവാദമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും എംകെ സ്റ്റാലിന്‍റെയും ചിത്രത്തിനു പിന്നില്‍ ചൈനീസ് പതാകയുള്ള റോക്കറ്റ് ഉള്‍പ്പെടുന്നതായിരുന്നു പരസ്യം. പ്രധാനമന്ത്രിയടക്കം ഇതിനെതിരെ രംഗത്തുവന്നിരുന്നു.

ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം പിറന്നാള്‍ ആഘോഷിച്ച സ്റ്റാലിന് ചൈനീസ് ഭാഷയില്‍ പിറന്നാളാശംസകളുമായി ബിജെപി രംഗത്തെത്തിയിരുന്നു. ചൈനീസ് ഭാഷയായ മാൻഡരിനില്‍ ആണ് ബിജെപി ആശംസകളർപ്പിച്ചത്. ‘സ്റ്റാലിന്‍റെ ഇഷ്ട ഭാഷയിൽ അദ്ദേഹത്തിന് ആശംസകളറിയിക്കുന്നു’ എന്ന അടിക്കുറിപ്പോടെ പരിഹാസരൂപേണയാണ് ബിജെപി തമിഴ്നാടിന്റെ എക്സ് പ്ലാറ്റ്ഫോം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്.