ആരാണ് ആരോഗ്യ സേതു ആപ്പ് നിർമ്മിച്ചതെന്ന് കേന്ദ്ര സർക്കാരിന് അറിയില്ല, നോട്ടീസ് നൽകി വിവരാവകാശ കമ്മീഷന്‍

ആരാണ് ആരോഗ്യ സേതു ആപ്പ് നിർമ്മിച്ചതെന്നും അത് എങ്ങനെ നിർമ്മിച്ചുവെന്നും ഒരു വിവരവുമില്ലെന്ന് സർക്കാർ വെബ്‌സൈറ്റുകൾ രൂപകൽപ്പന ചെയ്യുന്ന നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ (എൻ‌ഐ‌സി). തുടർന്ന് ആരോഗ്യസേതു ആപ്പിനെ കുറിച്ചുള്ള വിവരാവകാശ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാത്തതിന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ കേന്ദ്ര സർക്കാരിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ആരോഗ്യ സേതു ആപ്പിനെ കുറിച്ചുള്ള വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകണമെന്നും മറുപടി ഒഴിവാക്കാനാവില്ലെന്നും കേന്ദ്ര വിവരാവകാശ കമ്മീഷന്‍ പറഞ്ഞു.

ലോക്ക് ഡൗൺ സമയത്ത് ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ ഡൗൺലോഡ് ചെയ്ത ആപ്ലിക്കേഷൻ നിർമ്മിച്ചതിനെ കുറിച്ച് അറിയാൻ എൻ‌ഐ‌സി, നാഷണൽ ഇ-ഗവേണൻസ് ഡിവിഷൻ (എൻ‌ജിഡി), ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം എന്നിവയെ സമീപിച്ചതായി സാമൂഹിക പ്രവര്‍ത്തകനായ സൗരവ് ദാസ് എന്നയാളാണ് പരാതി നൽകിയത്. റെസ്റ്റോറന്റുകൾ, സിനിമാ ഹാളുകൾ, മെട്രോ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ  പ്രവേശിക്കുന്നതിന് മുമ്പ് ആരോഗ്യ സേതു ആപ്ലിക്കേഷൻ ഡൗൺലോഡു ചെയ്യേണ്ടത് നിർബന്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം നിഷ്‌കർഷിച്ചിരുന്നു. അതേസമയം ആപ്ലിക്കേഷൻ നിർമ്മിച്ചത് ആരാണെന്ന് എൻ‌ഐ‌സിക്കോ മന്ത്രാലയത്തിനോ അറിയില്ലെന്ന് സൗരവ് ദാസ് പറഞ്ഞു.

ദേശീയ ഇൻഫോർമാറ്റിക്‌സ് സെന്ററിന്റെ പേര് വെബ്സൈറ്റിൽ ഉണ്ടെങ്കിൽ ആപ്പിനെ കുറിച്ചുള്ള വിവരങ്ങൾ ഇല്ലത്തത് എന്തുകൊണ്ടാണെന്ന് വിശദമാക്കാൻ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനെക്കുറിച്ച് ഒരു വിവരവുമില്ലെങ്കിൽ പിന്നെ എങ്ങനെയാണ് Https://aarogyasetu.gov.in/ എന്ന വെബ്‌സൈറ്റ് gov.in എന്ന ഡൊമെയ്ൻ നാമം ഉപയോഗിച്ച് നിർമ്മിച്ചതെന്ന് രേഖാമൂലം വിശദീകരിക്കാൻ കേന്ദ്ര വിവരാവകാശ കമ്മീഷൻ ചീഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്കും (സി.പി.ഐ.ഒ), എൻ.ഐ.സിക്കും നിർദ്ദേശം നൽകി.

ആപ്ലിക്കേഷൻ നിർമ്മിച്ചതിനെ കുറിച്ച് മാത്രമല്ല, സൃഷ്ടിച്ച ഫയലുകൾ, ലഭിച്ച ഇൻപുട്ടുകൾ, വ്യക്തിഗത ഡാറ്റ ദുരുപയോഗം ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കാൻ എടുത്ത ഓഡിറ്റ് നടപടികൾ എന്നിവയെ കുറിച്ചും ആർക്കും അറിവില്ലെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ അഭിപ്രായപ്പെട്ടു.