മേഘാലയ ആഭ്യന്തരമന്ത്രി രാജിവെച്ചു, അക്രമത്തെ തുടർന്ന് ഷില്ലോങ്ങിൽ രണ്ട് ദിവസത്തെ കർഫ്യൂ

മുൻ വിമത നേതാവിന്റെ മരണത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളമുള്ള സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ കലാപമുണ്ടായതിനെ തുടർന്ന് മേഘാലയ ആഭ്യന്തര മന്ത്രി ലഖ്മെൻ റിംബുയി രാജിവെച്ചു. അക്രമത്തെ തുടർന്ന് ഷില്ലോങ്ങിൽ 2 ദിവസത്തെ കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തു.

“നിയമപരമായ നടപടികൾ മറികടന്ന് മുൻ വിമത നേതാവ് ചെറിഷ്സ്റ്റാർഫീൽഡ് തങ്കിയോവിന്റെ വസതിയിൽ പൊലീസ് നടത്തിയ റെയ്ഡിനെ തുടർന്ന് അദ്ദേഹം കൊല്ലപ്പെട്ടു” എന്ന് സംസ്ഥാനത്തെ ആഭ്യന്തര മന്ത്രി, മുഖ്യമന്ത്രിക്ക് നൽകിയ രാജിക്കത്തിൽ പറഞ്ഞു.

ഈ വിഷയത്തിൽ ഒരു ജുഡീഷ്യൽ അന്വേഷണവും ലഖ്മെൻ റിംബുയി നിർദ്ദേശിച്ചു, ആഭ്യന്തര (പൊലീസ്) വകുപ്പിൽ നിന്നും താൻ രാജിവയ്ക്കുന്നതായും ഇത് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സർക്കാർ എടുക്കുന്ന സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം സുഗമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുൻ വിമത നേതാവിന്റെ മരണത്തെത്തുടർന്ന് ഷില്ലോങ്ങിന്റെ ചില ഭാഗങ്ങളിൽ പ്രതിഷേധങ്ങളും അക്രമ സംഭവങ്ങൾ ഉണ്ടായി. മുൻ വിമത നേതാവിനെ പൊലീസ് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ കുടുംബം ആരോപിക്കുന്നത്. നൂറുകണക്കിന് ആളുകൾ, കറുത്ത വസ്ത്രങ്ങളും കറുത്ത പതാകകളും വഹിച്ചുകൊണ്ട്, ഇന്ന് ചെറിഷ്സ്റ്റാർഫീൽഡ് തങ്കിയോവിന്റെ ശവസംസ്കാര ഘോഷയാത്രയിൽ പങ്കെടുത്തു. ഷില്ലോങ്ങിലെ കർഫ്യൂ ചൊവ്വാഴ്ച പുലർച്ചെ 5 മണി വരെയായിരിക്കുമെന്ന് സർക്കാർ അറിയിച്ചു.

വിമത ഗ്രൂപ്പായ ഹിന്നിവെട്രെപ്പ് നാഷണൽ ലിബറേഷൻ കൗൺസിലിന്റെ മുൻ നേതാവിന്റെ മരണത്തെക്കുറിച്ച് സംസ്ഥാന സർക്കാർ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിടുമെന്ന് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ ശനിയാഴ്ച പറഞ്ഞിരുന്നു.

ലൈതുംഖ്രയിലെ സ്ഫോടനത്തിൽ പങ്കുണ്ടെന്നതിന്റെ തെളിവുകളുടെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാത്രി ചെറിഷ്സ്റ്റാർഫീൽഡ് തങ്കിയോവിന്റെ വീട് റെയ്ഡ് ചെയ്യുകയായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ തങ്കിയോവ് കത്തി ഉപയോഗിച്ച് ആക്രമിച്ചുവെന്നും തുടർന്ന് പൊലീസ് അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. മുൻ വിമത നേതാവ് 2018 ഒക്ടോബറിൽ കീഴടങ്ങിയിരുന്നു.