മേഘാലയയും നാഗാലാന്‍ഡും പോളിംഗ് ബൂത്തില്‍; വോട്ടെടുപ്പ് തുടങ്ങി, കനത്ത സുരക്ഷ

നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയയിലും നാഗാലാന്‍ഡിലും വോട്ടെടുപ്പ് തുടങ്ങി. കനത്ത സുരക്ഷയില്‍ ഇരു സംസ്ഥാനങ്ങളിലും രാവിലെ 7ന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 4 മണി വരെ തുടരും. മാര്‍ച്ച് രണ്ടിനാണ് വോട്ടെണ്ണല്‍.

ഇരു സംസ്ഥാനങ്ങളിലുമായി 59 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. മേഘാലയയില്‍ 369 ഉം നാഗാലാന്‍ഡില്‍ 183 ഉം സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. മേഘാലയയിലെ 3419 പോളിംഗ് സ്റ്റേഷനുകളില്‍ 323 എണ്ണവും നാഗാലാന്‍ഡിലെ 2315 ല്‍ 924 എണ്ണവും അതീവ ജാഗ്രതാ കേന്ദ്രങ്ങളാണ്.

ബഹുകോണ മത്സരത്തിനാണ് മേഘാലയ സാക്ഷ്യം വഹിക്കുന്നത്. കോണ്‍ഗ്രസ്, ബിജെപി, കോണ്‍റാഡ് സാങ്മയുടെ എന്‍പിപി (നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി), ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവയാണ് മത്സരരംഗത്തുള്ളത്.

മേഘാലയയില്‍ ഭരണ തുടര്‍ച്ചയാണ് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി ലക്ഷ്യം വെയ്ക്കുന്നത്. സംസ്ഥാനത്ത് രണ്ടാം തവണയും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ പറഞ്ഞിരുന്നു. മുന്നണി ഭരണം നിലനില്‍ക്കുന്ന ഇരു സംസ്ഥാനങ്ങളിലും ഒറ്റയ്ക്ക് ഭരണം പിടിക്കാനാണ് ബിജെപിയുടെ ശ്രമം.

നാഗാലാന്‍ഡില്‍ കഴിഞ്ഞ ഒരു വര്‍ഷമായി പ്രതിപക്ഷമില്ലാതെയാണ് ബിജെപി സഖ്യകക്ഷിയായ മുന്നണി ഭരിക്കുന്നത്. നാഗാ പീപ്പിള്‍സ് ഫ്രണ്ടിനെതിരെയാണ് ബിജെപി, എന്‍ഡിപിപി എന്നീ പാര്‍ട്ടികളുടെ യോജിച്ചുള്ള പോരാട്ടം. ഇരു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും മത്സരരംഗത്തുണ്ട്.