അനന്തരവനെ രാഷ്ട്രീയ പിന്‍ഗാമിയായി പ്രഖ്യാപിച്ച് മായാവതി; പ്രഖ്യാപനം ലഖ്‌നൗവില്‍ ചേര്‍ന്ന യോഗത്തില്‍

രാഷ്ട്രീയ അനന്തരാവകാശിയെ പ്രഖ്യാപിച്ച് ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ മായാവതി. അനന്തരവന്‍ ആകാശ് ആനന്ദിനെയാണ് മായാവതി രാഷ്ട്രീയ പിന്‍ഗാമിയായി പ്രഖ്യാപിച്ചത്. ലഖ്‌നൗവില്‍ ഞായറാഴ്ച കൂടിയ യോഗത്തിലാണ് മായാവതി തീരുമാനം അറിയിച്ചത്. 2016ല്‍ ആയിരുന്നു ആകാശ് ആനന്ദ് ബിഎസ്പിയിലേക്കെത്തുന്നത്.

2019ല്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രചാരകരില്‍ ഒരാളായി ആനന്ദ് പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍ പാര്‍ട്ടി കാര്യങ്ങളുടെ ചുമതലയില്‍ സജീവമായിരുന്നു ആകാശ് ആനന്ദ്. 2018ല്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണം മുതല്‍ പാര്‍ട്ടിയില്‍ ആനന്ദിന്റെ സാന്നിധ്യം പ്രകടമായിരുന്നു. 2018ലെ തിരഞ്ഞെടുപ്പില്‍ ബിഎസ്പിയ്ക്ക് ആറ് സീറ്റുകള്‍ മാത്രമാണ് ലഭിച്ചിരുന്നത്.

കഴിഞ്ഞ വര്‍ഷം രാജസ്ഥാനിലെ അജ്മീറില്‍ ആനന്ദ് നടത്തിയ പദയാത്ര പാര്‍ട്ടിയ്ക്ക് കരുത്ത് പകര്‍ന്നതായാണ് ബിഎസ്പിയുടെ വിലയിരുത്തല്‍. അതേ സമയം ലോക്‌സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കേ മായാവതി രാഷ്ട്രീയ പിന്‍ഗാമിയെ പ്രഖ്യാപിച്ചത് പാര്‍ട്ടിയിലും പുറത്തും വലിയ ചര്‍ച്ചയായിട്ടുണ്ട്. ഡോ ബിആര്‍ അംബേദ്കറിന്റെ ജന്മദിനത്തില്‍ അല്‍വാറില്‍ നടന്ന സ്വാഭിമാന്‍ സങ്കല്‍പ്പ് യാത്രയിലും 31കാരനായ ആകാശ് ആനന്ദ് പങ്കെടുത്തിരുന്നു.