ബദ്ധശത്രുക്കള്‍ ഒരുമിക്കുന്നു, മുലായത്തിന് വേണ്ടി വോട്ട് തേടി മായാവതി; ചരിത്ര നിമിഷമെന്ന് എസ് പി നേതാവ്

രണ്ടര പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ശത്രുതയ്ക്ക് അന്ത്യം കുറിച്ച് ബി എസ് പി അധ്യക്ഷ മായാവതിയും എസ് പി നേതാവ് മുലായം സിങ് യാദവും വോട്ട് ചോദിച്ച് ഒരേ വേദിയില്‍. മെയിന്‍പുരി ലോക്‌സഭാ മണഡലത്തില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത റാലിയിലാണ് ഉത്തര്‍പ്രദേശില്‍ ചരിത്ര നിമിഷം പിറന്നത്. പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, അജിത് സിംഗ് തുടങ്ങിയ നേതാക്കളും വേദിയിലുണ്ടായിരുന്നു.

1995 ന് ശേഷം ആദ്യമായിട്ടാണ് ഇരു നേതാക്കളും വേദി ഒരുമിച്ച് പങ്കിടുന്നത്. സംയുക്ത പ്രതിപക്ഷ കക്ഷികളുടെ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാണ് മുലായം. പല പാര്‍ട്ടികളുടേയും നേതാക്കള്‍ അണിനിരന്ന റാലിയെ ചരിത്രനിമിഷമെന്നാണ് മുലായം വിശേഷിപ്പിച്ചത്. മുമ്പ് 1993 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ഒരുമിച്ചാണ് മത്സരിച്ചത്. അന്ന് കന്‍ഷിറാമായിരുന്നു ബി എസ് പി അധ്യക്ഷന്‍. പിന്നീട് ഇരു പാര്‍ട്ടികളും മാറി മാറി ഭരിച്ചു. എന്നാല്‍ 2014 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി 80 ല്‍ 73 സീറ്റ് നേടി അധികാരത്തിലെത്തിയതോടെ ഇരുപാര്‍ട്ടികളും വീണ്ടും ഒന്നിക്കാനുള്ള ശ്രമം നടത്തുകയായിരുന്നു.