മോദിജിക്ക് മുതലയെ പേടിയുണ്ടോ...? ബാല്‍ നരേന്ദ്ര വായിച്ചിട്ടില്ലല്ലേ; 'മാന്‍ വെഴ്‌സസ് വൈല്‍ഡ്' ട്രോളില്‍ മുങ്ങി മോദി

ഡിസ്‌കവറി ചാനലിലെ പ്രശസ്തമായ ഷോ, “മാന്‍ വെഴ്‌സസ് വൈല്‍ഡി”ല്‍ അതിഥിയായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി സോഷ്യല്‍ മീഡിയ. മാന്‍ വെഴ്‌സസ് വൈല്‍ഡിലെ അവതാരകന്‍ ബെയര്‍ ഗ്രിയില്‍സുമൊത്തുള്ള പ്രധാനമന്ത്രിയുടെ വീഡിയോയും ചിത്രങ്ങളും ഇന്നലെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോദിയെ ട്രോളി സോഷ്യല്‍ മീഡിയ രംഗത്തെത്തിയത്.

ഡിസ്‌കവറി ചാനലില്‍ ഓഗസ്റ്റ് 12-ന് രാത്രി ഒമ്പതിന് പ്രക്ഷേപണം ചെയ്യുന്ന എപ്പിസോഡിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നത്. ഉത്തരാഖണ്ഡിലെ വന്യജീവി സങ്കേതത്തില്‍ ബെയര്‍ ഗ്രിയില്‍സ് പ്രധാനമന്ത്രി മോദിയെ കാണുന്നതാണ് എപ്പിസോഡിന്റെ തീം.

പ്രധാനമന്ത്രിയും ബെയര്‍ ഗ്രിയില്‍സും പുഴയില്‍ സഞ്ചരിക്കുന്ന ചിത്രത്തിനാണ് കൂടുതല്‍ ട്രോളു കിട്ടിയത്. തമാശ ട്രോളുകളോടൊപ്പം പ്രധാന മന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടുള്ള ട്രോളുകളും സജീവമാണ്. ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ 44 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കകം ഫെബ്രുവരി 14-ന് മോദി കോര്‍ബെറ്റ് നാഷണല്‍ പാര്‍ക്കില്‍ ഷൂട്ടിംഗ് തിരക്കിലായിരുന്നു എന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിനെ വിമര്‍ശിച്ചു കൊണ്ടുള്ള ട്രോളുകളും നിരവധിയാണ്.