മാന്‍ വെഴ്സസ് വൈല്‍ഡ്: പുല്‍വാമയില്‍ ജവാന്മാര്‍ കൊല്ലപ്പെട്ടപ്പോള്‍ മോദി ഷൂട്ടിംഗ് തിരക്കുകളിലായിരുന്നുവെന്ന കോണ്‍ഗ്രസിന്റെ ആരോപണം ചര്‍ച്ചയാകുന്നു

വൈറലായ ഡിസ്‌കവറി ചാനലിന്റെ മാന്‍ വെഴ്‌സസ് വൈല്‍ഡ് പരിപാടിയുടെ ട്രെയിലര്‍ മറ്റൊരു വിവാദം കൂടി ചര്‍ച്ചയാക്കുകയാണ്. ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കകം ഫെബ്രുവരി 14-ന് മോദി കോര്‍ബെറ്റ് നാഷണല്‍ പാര്‍ക്കില്‍ ഷൂട്ടിംഗ് തിരക്കിലായിരുന്നു എന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. പരിപാടിയുടെ ഷൂട്ടിംഗ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നതോടെയാണിത്.

ജവാന്മാര്‍ കൊല്ലപ്പെട്ട സമയത്ത് രാജ്യം മുഴുവന്‍ ദു:ഖത്തില്‍ കഴിയവേ പ്രധാനമന്ത്രി നരേന്ദ്ര മോദി കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ സിനിമാ ഷൂട്ടിംഗ് തിരക്കിലും മുതലകളെ നോക്കി ബോട്ട് സവാരി നടത്തുന്ന തിരക്കിലുമായിരുന്നു, എന്നാണ് പുല്‍വാമ ആക്രമണത്തിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞത്.

ഇത്രയും ഭീകരമായ ഒരാക്രമണം നടന്ന് നാലു മണിക്കൂര്‍ കഴിയും മുമ്പ് തന്നെ മോദി സ്വന്തം ബ്രാന്റിങ്ങിന്റെയും ഫോട്ടോ ഷൂട്ടിന്റെയും തിരക്കിലായിരുന്നുവെന്നത് ഭയപ്പെടുത്തുന്നുവെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.

2019 ജനുവരി 16-ന് പരിപാടിയുടെ അവതാരകന്‍ ബിയര്‍ ഗ്രില്‍ മോദിയുടെ ഷൂട്ടിംഗ് സംബന്ധിച്ച് ട്വിറ്ററിലൂടെ സൂചന നല്‍കിയിരുന്നു. ഫെബ്രുവരി 12-ന് ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ നിന്നെടുത്ത ഒരു സെല്‍ഫിയും അദ്ദേഹം പങ്കുവെച്ചിരുന്നു. എന്നാല്‍ രണ്ടു പോസ്റ്റുകളും പിന്നീട് ഡിലീറ്റ് ചെയ്തു.

ബിയര്‍ ഗ്രില്‍സിനൊപ്പം ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലാണ് മോദി യാത്ര ചെയ്യുന്നത്. ഷോയുടെ ചില ഭാഗങ്ങള്‍ ഗ്രില്‍സ് ട്വിറ്ററിലൂടെയാണ് പങ്കുവെച്ചിട്ടുണ്ട്. ഒരു ചെറിയ തോണിയില്‍ മോദിയും ഗ്രില്‍സും സഞ്ചരിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഒന്ന്. പരിപാടി സംപ്രേഷണം ചെയ്യുന്നത് ഓഗസ്റ്റ് 12-നാണ്.