ദീദി നുഴഞ്ഞു കയറ്റം തുടരണമെന്നാണോ ആഗ്രഹം, കോവിഡ് തരംഗം അവസാനിച്ചാലുടന്‍ സി.എ.എ നടപ്പാക്കുമെന്ന് അമിത് ഷാ; മറുപടിയുമായി മമത

 

പൗരത്വ ഭേദഗതി നിയമം കോവിഡ് തരംഗം അവസാനിച്ചാലുടന്‍ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വടക്കന്‍ ബംഗാളിലെ സിലിഗുരിയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പൗരത്വ നിയമം നടപ്പാക്കില്ലെന്ന തരത്തില്‍ കിംവദന്തി നാടൊട്ടുക്ക് പ്രചരിപ്പിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

സി.എ.എ നടപ്പാക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രചരിപ്പിക്കുകയാണെന്ന് ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. കോവിഡ് തരംഗം അവസാനിച്ചാലുടന്‍ ഞങ്ങള്‍ സി.എ.എ നടപ്പാക്കും’ ദീദി, നുഴഞ്ഞുകയറ്റം തുടരാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? എന്നാല്‍ കേട്ടോളൂ സി.എ.എ ഒരു യാഥാര്‍ത്ഥ്യമായിരുന്നു, അത് യാഥാര്‍ത്ഥ്യമായി തുടരും. തൃണമൂല്‍ കോണ്‍ഗ്രസിന് ഇതിനെതിരെ ഒന്നും ചെയ്യാന്‍ കഴിയില്ല’ -ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, അമിത് ഷായുടെ പ്രസ്താവനയോട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചു. ‘ഇതാണ് അവരുടെ പദ്ധതി. എന്തുകൊണ്ടാണ് അവര്‍ ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവരാത്തത്? അവര്‍ 2024-ല്‍ തിരിച്ചുവരില്ലെന്ന് ഞാന്‍ നിങ്ങളോട് ഉറപ്പുപറയുന്നു. ഒരു പൗരന്റെയും അവകാശങ്ങള്‍ ഹനിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഐക്യമാണ് നമ്മുടെ ശക്തി. ഒരു വര്‍ഷത്തിനു ശേഷമാണ് അദ്ദേഹം വരുന്നത്. ഓരോ തവണ ഇവിടെ വരുമ്പോഴും അസംബന്ധങ്ങള്‍ പുലമ്പുകയാണ് -മമത കൂട്ടിച്ചേര്‍ത്തു.