അവസാന നിമിഷം തീരുമാനം മാറ്റി; പിരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഡോക്ടറെ മമതാ സന്ദര്‍ശിക്കില്ല

തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഡോക്ടറെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സന്ദര്‍ശിക്കില്ല. ഡോക്ടര്‍മാര്‍ പ്രക്ഷോഭം പിന്‍വലിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ കൂട്ടാക്കത്തതിനെ തുടര്‍ന്നാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഡോക്ടറെ കാണേണ്ടെന്ന് മമത ബാനര്‍ജി തീരുമാനിച്ചത്.

നേരത്തെ സമരം ശമിപ്പിക്കുന്നതിന്റെ ഭാഗമായി് ഗുരുതരമായി പരിക്കേറ്റ് കൊല്‍ക്കത്ത ന്യൂറോ സയന്‍സ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഡോക്ടറെ കാണാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എത്തുമെന്ന് സൂചനയുണ്ടായിരുന്നു. വിഷയത്തില്‍ എടുത്ത നിലപാടുകള്‍ക്കെതിരെ പൊതുസമൂഹത്തില്‍ നിന്നും വ്യാപക എതിര്‍പ്പുകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് തലയ്ക്ക് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഡോക്ടര്‍ പാരിബാഹ മുഖോപധ്യായയെ കാണാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്.സംഭവത്തില്‍ ഡോക്ടര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കൊല്‍ക്കൊത്തയിലും രാജ്യത്താകമാനവും പ്രതിഷേധമുയര്‍ന്നിരുന്നു.

സമരത്തിലുള്ള ഡോക്ടര്‍മാര്‍ക്കെതിരെ ഭീഷണിയുമായി മുഖ്യമന്ത്രി രംഗത്തെത്തിയത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയും 700 ഓളം ഡോക്ടര്‍മാര്‍ കൊല്‍ക്കൊത്തയില്‍ രാജി നല്‍കുകയും ചെയ്തു. കാര്യങ്ങള്‍ കൈവിട്ടുപോകുന്നുവെന്ന തിരിച്ചറിഞ്ഞ മമത പിന്നീട് ഡോക്ടര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും ആദ്യം മുഖ്യമന്ത്രി മാപ്പ് പറയണമെന്ന നിലപാടിലായിരുന്നു ഡോക്ടര്‍മാര്‍. ഇതേ തുടര്‍ന്നാണ് സ്ഥിതിഗതികള്‍ മയപ്പെടുത്താന്‍ ചികിത്സയിലുള്ള ഡോക്ടറെ കാണാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. ഇതാണ് ഇപ്പോള്‍ വേണ്ടെന്ന്് വച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് എന്‍ ആര്‍ എസ് മെഡിക്കല്‍ കോളേജില്‍ 75 കാരന്‍ ചികിത്സയ്ക്കിടെ മരിച്ചത്. പിന്നീട് രോഗിയുടെ ബന്ധുക്കള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പാരബാഹയെ മര്‍ദ്ദിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് സംരക്ഷണം ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ പ്രതിഷേധം തുടങ്ങിയത്. എന്നാല്‍ സംഭവങ്ങള്‍ക്ക് പിന്നില്‍ ബിജെപിയും സിപി എം ഉം ആണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം