മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രി; സുനേത്ര പവാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അജിത്ത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചക്ക് ചേരുന്ന എന്‍സിപി നിയമസഭാ കക്ഷി യോഗം സുനേത്രയെ നേതാവായി തിരഞ്ഞെടുക്കും. അജിത് പവാര്‍ വഹിച്ച എക്‌സൈസ്, കായിക വകുപ്പുകള്‍ സുനേത്രയ്‌ക്കെന്ന വിവരവും പുറത്ത് വരുന്നുണ്ട്. എന്‍സിപി ദേശീയ അധ്യക്ഷ സ്ഥാനവും സുനേത്ര ഏറ്റെടുക്കാനും സാധ്യതയുണ്ട്.

സംസ്ഥാനത്തെ ആദ്യ വനിതാ ഉപ മുഖ്യമന്ത്രിയാക്കും സുനേത്ര. ഇന്നലെ എന്‍സിപി നേതാക്കള്‍ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അന്തിമധാരണയായത്. ആറുമാസത്തിനുള്ളില്‍ ബാരാമതിയില്‍ നിന്ന് ഉപതെരഞ്ഞെടുപ്പില്‍ ജയിപ്പിച്ചു നിയമസഭയിലേക്ക് എത്തിക്കാനാണ് തീരുമാനം. സുനേത്ര രാജിവെക്കുന്ന രാജ്യസഭാ അംഗത്വം മകന്‍ പാര്‍ഥ് പവാറിന് ലഭിക്കും. ഉപ മുഖ്യമന്ത്രി പദത്തിനൊപ്പം പാര്‍ട്ടി ദേശീയ അധ്യക്ഷ സ്ഥാനവും സുനേത്ര ഏറ്റെടുക്കാനാണ് സാധ്യത.

അതേസമയം, ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് സുനേത്രയുടെ പേര് നിര്‍ദേശിച്ചതിനെ കുറിച്ച് തനിക്ക് അറിവില്ലെന്ന് ശരദ് പവാര്‍ പറഞ്ഞു. എനിക്ക് അതിനെ കുറിച്ച് യാതൊരു അറിവുമില്ല. അവരുടെ പാര്‍ട്ടിയാണ് അതേക്കുറിച്ച് തീരുമാനിക്കേണ്ടത്. ഇന്നത്തെ പത്രത്തില്‍ ഞാന്‍ കണ്ടത്, എന്‍സിപി വര്‍ക്കിംഗ് പ്രസിഡന്റ് പ്രഫുല്‍ പട്ടേലും എംപി സുനില്‍ താക്കറെയുമാണ് അജിത് പവാറിന്റെ വിയോഗത്തെ തുടര്‍ന്ന് ഒഴിവ് വന്ന സ്ഥാനങ്ങത്തേക്കുള്ള തിരഞ്ഞെടുപ്പുകളെ കുറിച്ച് തീരുമാനമെടുക്കാന്‍ മുന്‍കൈയെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read more