'കൺമുന്നിൽ വെച്ച് നഷ്ടപ്പെട്ടത് രണ്ടുമക്കളെ'; പ്രസംഗത്തിനിടെ വിങ്ങിപ്പൊട്ടി ഏക്‌നാഥ് ഷിൻഡെ

മഹാരാഷ്ട്ര നിയമസഭയിൽ  വികാര നിർഭരമായി മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേയുടെ ആദ്യ പ്രസംഗം. രാഷ്ട്രിയ പ്രതിസന്ധികൾക്ക് പിന്നാലെ വിശ്വാസ വോട്ടെടുപ്പിലൂടെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി മാറിയ ഷിന്‍ഡേ തന്റെ ആദ്യ പ്രസംഗത്തിനിടെയാണ് മക്കളെക്കുറിച്ചോർത്ത് വികാരഭരിതനായത്.
2000 ലാണ് ബോട്ട് അപകടത്തിൽ തന്റെ മക്കൾ മരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ശിവസേന മേധാവിയും അന്നത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കുമെതിരായ എതിർപ്പുകളുടെ പേരിൽ തന്റെ കുടുംബത്തിനും ഭീഷണിയുണ്ടായിരുന്നു. ഈ അവസരങ്ങളിലെല്ലാം അന്തരിച്ച ശിവസേന നേതാവ് ആനന്ദ് ദിഗെയാണ് തന്നെ പിന്തുണച്ചതെന്നും ഷിൻഡെ പറഞ്ഞു.

മക്കൾ മരിച്ചതോടെ കുടുംബം തകർന്നെന്നും, തനിക്ക് ഇനി സംഘടനയിൽ പ്രവർത്തിക്കാൻ കഴിയില്ലെന്നും താൻ ആനന്ദ് ദിഗെയോട് പറഞ്ഞെന്നും എന്നാൽ അദ്ദേഹം തന്നെ ആശ്വസിപ്പിക്കുകയും. നിയമസഭയിൽ ശിവസേനയുടെ നേതാവാക്കുകയുമാണ് ചെയ്തതെന്ന് ഷിൻഡെ ഓർത്തെടുത്തു. ഗ്രാമം സന്ദർശിക്കുന്നതിനിടെയാണ് ഷിൻഡെയുടെ 11 വയസ്സുള്ള മകനും 7 വയസ്സുള്ള മകളും ബോട്ട് മറിഞ്ഞ് മരിച്ചത്. ഷിൻഡെയുടെ മൂത്തമകൻ എം.പിയാണ്.

തന്റെ രാഷ്ട്രീയനീക്കത്തെയും ന്യായീകരിച്ച ഷിൻഡേ. വഞ്ചന തന്റെ രക്തത്തിൽ ഇല്ലെന്നും ആളുകൾ എന്നോടൊപ്പം ചേരാൻ തുടങ്ങുകയായിരുന്നുവെന്നും പറഞ്ഞു. ശിവസേനയുടെ ഉന്നത നേതൃത്വമാണ് തന്നെ അടിച്ചമർത്തുന്നതെന്നും ഷിൻഡെ ആരോപിച്ചു