രണ്ടര ലക്ഷം കോടി കടബാദ്ധ്യതയുള്ള മധ്യപ്രദേശ് രണ്ടായിരം കോടിയുടെ ശങ്കരാചാര്യർ പ്രതിമ സ്ഥാപിക്കാന്‍ ഒരുങ്ങുന്നു

ശങ്കരാചാര്യരുടെ 108 അടി ഉയരമുള്ള പ്രതിമയും അന്താരാഷ്ട്ര മ്യൂസിയവും സ്ഥാപിക്കുന്നതിന് ഉള്ള 2,000 കോടി രൂപയുടെ പദ്ധതിയുമായി മധ്യപ്രദേശ്. ഇത് സംസ്ഥാനത്തെ ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ പറഞ്ഞു. ഇക്കാര്യത്തിൽ ശങ്കരാചാര്യ ട്രസ്റ്റുമായി പ്രാഥമിക ചർച്ച കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി നടത്തിയിരുന്നു.

പ്രതിപക്ഷമായ കോൺഗ്രസ് പദ്ധതിയിൽ സംശയം രേഖപ്പെടുത്തി. സംസ്ഥാന ബജറ്റിൽ ഫണ്ട് അനുവദിച്ചതിന് ശേഷം മാത്രമേ ഇക്കാര്യം പാർട്ടി ചർച്ച ചെയ്യൂ എന്ന് അറിയിച്ചു. സംസ്ഥാനത്തിന്റെ വൻ കടബാദ്ധ്യതകളും പാർട്ടി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിന്റെ കടം മൊത്തം ബജറ്റ് വിഹിതത്തേക്കാൾ കൂടുതലായ സമയത്താണ് പ്രതിമ ഒരുക്കാൻ പോകുന്നത്. സംസ്ഥാനത്തിന്റെ ബജറ്റ് 2.41 ലക്ഷം കോടി രൂപയാണ്. എന്നാൽ മൊത്തം കടം 2.56 ലക്ഷം കോടി രൂപയാണ്. പ്രതിശീർഷ കടം ഏകദേശം 34,000 രൂപയാണ്.

കടബാദ്ധ്യത സംബന്ധിച്ച് ധവളപത്രം ഇറക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. സർക്കാർ മറ്റൊരു വായ്പ സ്ഥിരമായി എടുത്ത് മുന്നോട്ട് പോകുകയാണ്. ഇപ്പോൾ 48000 കോടിയാണ് കടമെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്, പാർട്ടി ചൂണ്ടിക്കാട്ടി.