ആശങ്ക ഉയർത്തി ധാരാവി, സാമൂഹിക അകലം പാലിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം  പാലിക്കുന്നില്ല; ഭക്ഷണത്തിനായി റോഡില്‍ ജനങ്ങളുടെ വലിയ നിര (വീഡിയോ)

കോവിഡ്  പ്രതിരോധപ്രവർത്തനങ്ങള്‍ ശക്തമായി തുടരുമ്പോഴും മഹാരാഷ്ട്രയില്‍ രോഗബാധ മൂലം മരണസംഖ്യ വര്‍ദ്ധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് കൂട്ടത്തോടെ രോഗം ബാധിക്കുന്നതിനോടൊപ്പം ധാരാവിയിലും രോഗവ്യാപനത്തെ പിടിച്ച് നിർത്താനാവുന്നില്ല എന്നതും സംസ്ഥാനത്ത് കാര്യങ്ങൾ സങ്കീര്‍ണമാക്കുന്നുണ്ട്. കോവിഡ് 19ന്റെ സമൂഹ വ്യാപനം സംഭവിച്ചാല്‍ ഏറ്റവും വലിയ ദുരന്തം സംഭവിക്കുമെന്ന് കരുതുന്ന മുംബൈയിലെ ധാരാവിയില്‍ ഭക്ഷണത്തിന് വേണ്ടി വലിയ നിരയാണ് രൂപപ്പെട്ടിരിക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ വരിനില്‍ക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

സാമൂഹിക അകലം പാലിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ഇവിടെ പാലിക്കുന്നില്ല. റോഡില്‍ വലിയ നീണ്ട ക്യൂവാണ്. ലോക്ക്ഡൗണില്‍ സ്ഥിര വരുമാനം നിലച്ചതാണ് ഭക്ഷണത്തിന് വേണ്ടി ജനങ്ങളെ വരിനില്‍ക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.

അതേസമയം, ധാരാവിയില്‍ രണ്ടുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ പ്രദേശത്ത് രോഗബാധിതരുടെ എണ്ണം ഏഴായെന്ന് ബ്രിഹന്‍മുംബൈ കോര്‍പ്പറേഷന്‍ വ്യക്തമാക്കി.

നേരത്തെ രോഗം സ്ഥിരീകരിച്ച 30കാരിയുടെ 49 വയസ്സായ സഹോദരനും 80 വയസ്സായ പിതാവിനുമാണ് കോവിഡ് പോസിറ്റീവ് ആയിരിക്കുന്നത്.
ഡോ. ബാലിഗ നഗറിലുള്ളവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെയുള്ളവരെ മൊത്തത്തില്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രണ്ടുദിവസമായി ധാരാവിയില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. വലിയ തോതിലുള്ള പരിശോധനയാണ് പ്രദേശത്ത് നടന്നുവരുന്നത്.