കർണാടകയിൽ വ്യാപക റെയ്ഡുമായി ലോകായുക്ത; പരിശോധന സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ

കർണാടകയിൽ വ്യാപകമായി റെയ്ഡിനിറങ്ങി ലോകായുക്ത. പ്രധാനമായും സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് 13 സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലുമാണ് പരിശോധന. ബെംഗളൂരുവിലെ മൂന്നിടങ്ങളിളായി ഇന്ന് പുലർച്ചെയാണ് ലോകായുക്ത ഉദ്യോഗസ്ഥർ റെയ്ഡ് ആരംഭിച്ചത്.

200ലധികം ഉദ്യോഗസ്ഥർ 70 ലധികം സ്ഥലങ്ങളിൽ പരിശോധന നടത്തി.കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വസ്തുക്കളും പണവും രേഖകളും കണ്ടെടുത്തതായാണ് സൂചന.6 ലക്ഷം രൂപ വിലമതിക്കുന്ന പണം, 3 കിലോ സ്വർണം, 25 ലക്ഷം രൂപയുടെ വജ്രങ്ങൾ, 5 ലക്ഷം രൂപയുടെ പുരാവസ്തുക്കൾ എന്നിവ കണ്ടെടുത്തതായി ലോകായുക്ത ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഓഗസ്റ്റ് 17നും ലോകായുക്ത സംസ്ഥാനത്ത് റെയ്ഡ് നടത്തിയിരുന്നു. ബിദാർ, ധാർവാഡ്, കുടക്, റായ്ച്ചൂർ, ദാവൻഗെരെ, ചിത്രദുർഗ തുടങ്ങി 48 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്.