നോയ്ഡയില്‍ കൊറോണ സ്ഥിരീകരിച്ച എല്ലാ ജീവനക്കാര്‍ക്കും 28 ദിവസം ശമ്പളത്തോടെ അവധി നല്‍കണമെന്ന് ഉത്തരവ്

കൊറോണ രോഗം സ്ഥിരീകരിച്ച് ഐസൊലേഷനില്‍ കഴിയുന്ന എല്ലാ ജീവനക്കാര്‍ക്കും തൊഴിലുടമകള്‍ 28 ദിവസം ശമ്പളത്തോടെയുള്ള അവധി നല്‍കണമെന്ന് ഗൗതം ബുദ്ധ് നഗര്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. നോയിഡയിലേയും ഗ്രേറ്റര്‍ നോയിഡയിലേയും എല്ലാ തൊഴിലുടമകള്‍ക്കും ഇക്കാര്യം ബാധകമാണെന്ന് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവില്‍ പറയുന്നു.

28 ദിവസം ശമ്പളത്തോടെ അവധി ലഭിക്കാന്‍ രോഗമുക്തരായ ശേഷം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് തൊഴിലുടമകള്‍ക്ക് ഹാജരാക്കണമെന്നും ജില്ലാ മജിസ്‌ട്രേറ്റ് ബിഎന്‍ സിങ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

സമ്പൂര്‍ണ ലോക്ക് ഡൗണില്‍ കടകള്‍, വ്യവസായ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍ എന്നിവ അടഞ്ഞുകിടക്കുന്നതിനാല്‍ ഈ ദിവസങ്ങളില്‍ തൊഴിലാളികള്‍ക്ക് അവധിയോട് കൂടി വേതനം നല്‍കണമെന്നും ഉത്തരവിലൂടെ വ്യക്തമാക്കി. ലോക്ക് ഡൗണില്‍ ജോലി ഇല്ലാതായതോടെ ആയിരക്കണക്കിന് അതിഥി തൊഴിലാളികള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ തുടങ്ങിയതിന് പിന്നാലെയാണ് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്.

എല്ലാ തൊഴിലുടമകളും മാര്‍ച്ച് 30, 31 അല്ലെങ്കില്‍ ഏപ്രില്‍ 3, 4 തിയതികളില്‍ ശമ്പളം നല്‍കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കണം. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ പൊതുജനങ്ങള്‍ക്ക് ജില്ലാ ഭരണകൂടത്തെ 0120-2544700 എന്ന കള്‍ട്രോള്‍ റൂം നമ്പറില്‍ വിളിച്ച് വിവരം അറിയിക്കാമെന്നും മജിസ്‌ട്രേറ്റ് വ്യക്തമാക്കി.

നിലവില്‍ ഗൗതം ബുദ്ധ് നഗറില്‍ 26 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതില്‍ നാല് പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു.