ത്രിപുരയില്‍ ബി.ജെ.പി അക്രമം അഴിച്ചു വിടുന്നുവെന്ന് പ്രതിപക്ഷം; ഒന്നിച്ച് എതിര്‍ക്കാന്‍ കോണ്‍ഗ്രസും സി.പി.എമ്മും; ഇന്ന് സംയുക്ത റാലി

ത്രിപുരയിലെ ബിജെപിയെ തോല്‍പ്പിക്കാന്‍ കൈകോര്‍ത്ത സിപിഎമ്മും കോണ്‍ഗ്രസും ഇന്നു സംയുക്ത റാലി നടത്തും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടാണ് സംയുക്തറാലി. ജനാധിപത്യവും വോട്ടവകാശവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന റാലിയില്‍ പാര്‍ട്ടി പതാകകള്‍ക്കു പകരം ദേശീയ പതാക ഉപയോഗിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, കോണ്‍ഗ്രസ് എം.എല്‍.എ സുദീപ് റോയ് ബര്‍മന്‍ എന്നിവര്‍ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി അക്രമം അഴിച്ചുവിടുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വെസ്റ്റ് ത്രിപുരയിലെ മജിലാഷ്പുരില്‍ കോണ്‍ഗ്രസ് നടത്തിയ ബൈക്ക് റാലിക്കു നേരെ കഴിഞ്ഞ ദിവസം ആക്രമണം നടന്നിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടുണ്ട്.

ബി.ജെ.പി ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സി.പി.എം, കോണ്‍ഗ്രസ് നേതാക്കള്‍ വ്യാഴാഴ്ച തെരഞ്ഞെടുപ്പ് കമീഷനെ കണ്ടിരുന്നു. സംഘര്‍ഷങ്ങള്‍ വോട്ടര്‍മാരുടെ പങ്കാളിത്തത്തെ ബാധിക്കുമെന്നും ഒരാഴ്ചക്കിടെ ത്രിപുരയില്‍ ഒമ്പത് ആക്രമണമാണ് നടന്നതെന്നും കൂടിക്കാഴ്ചയില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞു.

ത്രിപുരയില്‍ 60 അംഗ നിയമസഭയാണ്. ഇരുപതിലും ഗോത്രവര്‍ഗക്കാര്‍ക്കാണ് ആധിപത്യം. 2018ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 33 സീറ്റുകളും ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐ.പി.എഫ്.ടി) നാലു സീറ്റുകളും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (എം) 15 സീറ്റുകളും കോണ്‍ഗ്രസ് ഒരു സീറ്റുമാണ് നേടിയത്. ആറ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. 25 വര്‍ഷം നീണ്ട ഇടതുഭരണത്തിന് അവസാനം കുറിച്ചാണ് ത്രിപുരയില്‍ 2018 ല്‍ ബി.ജെ.പി അധികാരത്തിലെത്തിയത്. നിലവില്‍ മണിക് സാഹ ആണ് മുഖ്യമന്ത്രി. ഐ.പി.എഫ്.ടിയെ ഒപ്പം നിര്‍ത്തി തുടര്‍ഭരണത്തിനാണ് ബി.ജെ.പി ശ്രമം.